• 16 Oct 2019
  • 09: 50 PM
Latest News arrow

കൂടത്തായി കൊലപാതകപരമ്പര: പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഭിഭാഷകര്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് താമരശ്ശേരിയിലെ അഭിഭാഷകര്‍. പ്രതികളായ മാത്യുവിന്റെയും പ്രജുകുമാറിന്റെയും ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് എടുക്കാന്‍ തയ്യാറായില്ല. ജാമ്യം ലഭിക്കാന്‍ പ്രയാസമുള്ള കേസാണിതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

രണ്ടാം പ്രതി മാത്യുവിന് വേണ്ടി കോഴിക്കോട്ട് നിന്നുള്ള അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. റിമാന്‍ഡിലുള്ള പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്ന് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. മാത്യുവിന് ജാമ്യം അനുവദിക്കുമെന്ന് നൂറ് ശതമാനവും പറയാനാകില്ലെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. ജോളിയ്‌ക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ ഒരു അഭിഭാഷകനും രംഗത്ത് വന്നിട്ടില്ല. അതേസമയം അഡ്വക്കേറ്റ് ആളൂര്‍ കേസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നാളെയാണ് പ്രതികളുടെ കസ്റ്റഡി അപേക്ഷയിന്‍മേല്‍ കോടതി തീരുമാനമെടുക്കുക. പ്രതികളെ നാളെ രാവിലെ പത്ത് മണിക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസിലെ ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചു.