• 16 Oct 2019
  • 09: 57 PM
Latest News arrow

''പൊന്നാമറ്റം വീടിന് ദോഷം; കൂടുതല്‍ പേര്‍ മരിക്കുമെന്ന് ജോളി പറഞ്ഞു''- അയല്‍വാസികള്‍

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും കൂടുതല്‍ പേര്‍ മരിക്കുമെന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞതായും ജോളി തങ്ങളോട് പറഞ്ഞുവെന്നാണ് അയല്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന് ജോളി തങ്ങളെ വിശ്വസിപ്പിച്ചുവെന്നും അയല്‍വാസികള്‍ പറയുന്നു.

റോയിയെയും ജോളി ഇക്കാര്യം വിശ്വസിപ്പിച്ചിരുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദോഷം അകറ്റാനുള്ള പരിഹാരക്രിയകള്‍ക്കിടയിലാണ് റോയിയുടെ മരണം. കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്തു കൊന്നോ എന്ന് നേരത്തെ സംശയം തോന്നിയിരുന്നുവെന്നും അയല്‍വാസികളായ ആയിഷയും ഷാഹുല്‍ ഹമീദും പറഞ്ഞു. നേരത്തെ തങ്ങള്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ജോളിയ്ക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് കണ്ടെത്തിയിരുന്നതായും ഇവര്‍ പറയുന്നു.

പൊലീസ് ഈ വഴിയ്ക്കും അന്വേഷണം നടത്തുന്നുണ്ട്. റോയിയുടെ വസ്ത്രത്തിന്റെ കീശയില്‍ നിന്നും മന്ത്രവാദിയുടെ കാര്‍ഡ് കിട്ടിയതോടെയാണ് ഈ വഴിയ്ക്ക് അന്വേഷണം പുരോഗമിക്കുന്നത്. മന്ത്രവാദി നല്‍കിയ പൊടി സിലിക്ക് കൊടുത്തിട്ടുണ്ടെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിന്‍പ്രകാരം കട്ടപ്പന സ്വദേശിയായ മന്ത്രവാദിയുടെ നേരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

അതിനിടെ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.