• 16 Oct 2019
  • 09: 50 PM
Latest News arrow

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ 3 ശാസ്ത്രജ്ഞർക്ക്

സ്റ്റോക്ക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള (ഫിസിക്സ്) ഈ വർഷത്തെ നൊബേൽ പുരസ്ക്കാരവും 3 ശാസ്ത്രജ്ഞന്മാർ പങ്കിട്ടു. ജെയിംസ് പീബിൾസ്, മൈക്കേൽ മേയർ, ഡിഡിയർ ക്വലോസ് എന്നിവരാണ് ഭൗതികശാസ്ത്രവിഭാഗത്തിൽ നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

പ്രപഞ്ചശാസ്ത്രവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് ജെയിംസ് പീബിൾസ്  നൊബേൽ നേടിയത്. സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഗ്രഹത്തെക്കുറിച്ചുള്ള കണ്ടെത്തലുകളാണ്  മൈക്കേൽ മേയർ, ഡിഡിയർ ക്വലോസ് എന്നിവരെ പുരസ്‌ക്കാരത്തിനർഹരാക്കിയത്.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സെക്രട്ടറി ജനറൽ ഗൊരാൻ കെ. ഹാൻസൺ ആണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. ഭൗതികശാസ്ത്രത്തിന് നൽകുന്ന 113-ആം നൊബേൽ പുരസ്കാരമാണിത്.

നൊബേൽ പുരസ്കാരജേതാക്കൾ സമ്മാനത്തുകയായ 9,18,000 ഡോളർ പങ്കിടും. ഒപ്പം സ്വർണ്ണപ്പതക്കവും ഡിപ്ലോമ സർട്ടിഫിക്കറ്റും ലഭിക്കും.

പുരസ്ക്കാര സ്ഥാപകൻ  ആൽഫ്രെഡ് നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ മറ്റ് അഞ്ച് നൊബേൽ പുരസ്കാരങ്ങൾക്കൊപ്പം ഈ പുരസ്‌ക്കാരവും സമ്മാനിക്കും. സമാധാനത്തിനുള്ള നൊബേൽ നോർവേയിൽ ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ വില്യം ജി.കാലിൻ ജൂനിയർ, ഗ്രെഗ് എൽ. സെമെൻസ, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ജെ. റാറ്റ്ക്ലിഫ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

രസതന്ത്രത്തിനുള്ള നൊബേൽ ബുധനാഴ്ചയും സാഹിത്യത്തിനുള്ള നൊബേൽ വ്യാഴാഴ്ചയും സമാധാനത്തിനുള്ള നൊബേൽ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. 

Watch the very moment the 2019 Nobel Prize in Physics is announced.

Presented by Göran K. Hansson, Secretary General of the Royal Swedish Academy of Sciences.#NobelPrize pic.twitter.com/T9fY4dFdo4

— The Nobel Prize (@NobelPrize) October 8, 2019