• 16 Oct 2019
  • 09: 41 PM
Latest News arrow

കൂടത്തായി കൊലക്കേസ് അന്വേഷണം എളുപ്പമല്ലെന്ന് ഡിജിപി; മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്തുക വെല്ലുവിളി

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് ഒരു വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് തെളിയിക്കുന്നത് ഒട്ടും എളുപ്പമല്ല. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനായി വേണ്ടി വന്നാല്‍ വിദേശത്ത് പരിശോധന നടത്തുമെന്നും ഡിജിപി പറഞ്ഞു.

വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങളാണ്. അവ ശാസ്ത്രീയമായി തെളിയിക്കുന്നത് വലിയ വെല്ലുവിളിയാണ്. പൊട്ടാസ്യം സയനൈഡിന്റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുല്‍ നില്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും ഈ പരിമിതികളെല്ലാം മറികടന്ന് കേസന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുമെന്നും ഡിജിപി പറഞ്ഞു.

കേസില്‍ ഒന്നിലധികം എഫ്‌ഐആര്‍ ഇടുന്നതിനെക്കുറിച്ച് പരിശോധിക്കും. അങ്ങിനെ ചെയ്യുകയാണ് ഉത്തമം. കേസില്‍ ഇനിയും കൂടുതല്‍ പ്രതികളുണ്ടായേക്കും. ആദ്യത്തെ കേസന്വേഷണത്തെക്കുറിച്ചുള്ള പരാതിയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. തെളിവുകള്‍ ശേഖരിക്കുക എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇതിനായ് അന്വേഷണ സംഘത്തെ വിപുലീകരിച്ചേക്കും.

പരാതിക്കാരനും മരിച്ച റോയ് തോമസിന്റെ സഹോദരനുമായ റോജോയെ വിദേശത്ത് നിന്ന് വിളിച്ച് വരുത്തും. കുടുംബാംഗങ്ങളുടെയെല്ലാം ഡിഎന്‍എ പരിശോധന നടത്തും. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമായിരിക്കും അറസ്റ്റിലേക്ക് കടക്കുകയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.