• 16 Oct 2019
  • 09: 53 PM
Latest News arrow

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് എഫ്‍സിഐയുടെ കടം മൂന്നിരട്ടി വർദ്ധിച്ചെന്ന് റിപ്പോർട്ട്

ന്യൂദൽഹി: ഭക്ഷ്യധാന്യങ്ങളുടെ സംസ്കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സർക്കാർ ഏജൻസിയായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കടം ഒന്നാം മോദി സർക്കാരിന്റെ ഭരണകാലത്ത് മൂന്നിരട്ടി വർധിച്ചെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 2014 മാർച്ചില്‍ 91,409 കോടി രൂപയായിരുന്ന എഫ്സിഐയുടെ കടം 2019 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 2.65 ലക്ഷം കോടി രൂപയായെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. 190 ശതമാനം വർധനവാണിത്.

എഫ്സിഐയ്ക്ക്  സ്വന്തമായി വരുമാന സ്രോതസ്സില്ല. കേന്ദ്രസർക്കാറിന്റെ സഹായത്തോടെയാണ് എഫ്സിഐ പ്രവർത്തിക്കുന്നത്. കേന്ദ്രം നൽകിയിരുന്ന ഭക്ഷ്യസബ്സിഡി കുറഞ്ഞതിനാൽ  2016-17 കാലയളവ് മുതൽ നാഷനൽ സ്മോൾ സേവിങ്സ് ഫണ്ടില്‍ (എൻഎസ്എസ്എഫ്) നിന്ന് എഫ്സിഐ നിരന്തരം വായ്പ എടുത്തിരുന്നു.  2019 മാർച്ച്  വരെയുള്ള കണക്കനുസരിച്ച് എൻഎസ്എസ്എഫ് വായ്പകളിൽനിന്നു മാത്രമായി എഫ്സിഐക്ക് 1.91 ലക്ഷം രൂപ കോടി കടമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഭക്ഷ്യസബ്സിഡി തുക നേരത്തെ പൂർണമായി കേന്ദ്രസര്‍ക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു.എന്നാൽ വർഷങ്ങളായി ഈ തുക മുഴുവനായി നൽകുന്നില്ല. ഇതോടെയാണ് എഫ്സിഐ കടത്തിലായത്.