• 22 Sep 2023
  • 03: 26 AM
Latest News arrow

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മഞ്ജു റാണി ക്വാർട്ടറിൽ; മേരി കോം ഇന്നിറങ്ങും

ഉലാന്‍ ഉദെ (റഷ്യ):.ഇന്ത്യയുടെ മഞ്ജു റാണി വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ വെനസ്വേലയുടെ റോജാസ് സെഡേനോ ടയോനിസിനെ 5-0 എന്ന പോയിന്റ് നിലയിലാണ്  മഞ്ജു കീഴ്‌പ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലും മഞ്ജു എതിരാളിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു. ഒരു മത്സരം കൂടി ജയിച്ചാല്‍ മഞ്ജു റാണിക്ക്  മെഡല്‍ ഉറപ്പിക്കാം. എതിരാളിക്കെതിരെ കടന്നാക്രമണം നടത്താതെ പ്രതിരോധിക്കുകയും ഒപ്പം ക്ലീന്‍ പഞ്ചുകള്‍ നടത്തുകയും ചെയ്ത് പ്രീക്വാര്‍ട്ടര്‍ പ്രതിരോധത്തിലൂന്നിയുള്ള ആക്രമണത്തിനാണ് മഞ്ജു മുതിര്‍ന്നത്. ഒക്ടോബര്‍ 10ന് സൗത്ത് കൊറിയയുടെ കിം ഹ്യാങ് മിയുമായാണ് ക്വാര്‍ട്ടര്‍ പോരാട്ടം. വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ എഡിഷനില്‍ വെങ്കലം നേടിയ താരമാണ് കിം ഹ്യാങ് മിയു.

ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം  വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച ഇന്ത്യയ്ക്കുവേണ്ടി ആദ്യ മത്സരത്തിനിറങ്ങും. തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ് ആണ് എതിരാളി. 75 കിലോഗ്രാം വിഭാഗത്തില്‍ സ്വീറ്റി ബൂറയും ചൊവ്വാഴ്ച മത്സരത്തിനിറങ്ങും.

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ എഡിഷനില്‍ നാലു മെഡലുകളാണ് ഇന്ത്യ നേടിയത്.