• 16 Oct 2019
  • 09: 39 PM
Latest News arrow

സാഹിത്യ 'നൊബേൽ' പ്രഖ്യാപനം ഒക്ടോബർ 10-ന്; 'ബുക്കർ' 14-ന്

സാഹിത്യകുതുകികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെയും കഴിഞ്ഞവർഷത്തെയും നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 10നും ഇംഗ്ലണ്ടിലോ അയര്‍ലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്ക് വര്‍ഷം തോറും നൽകിവരാറുള്ള വിഖ്യാതമായ 'ബുക്കര്‍ പുരസ്‌കാരം' 14നും പ്രഖ്യാപിക്കും.

ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്ന കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ ഈ വര്‍ഷം രണ്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. എല്ലാ വർഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക. മറ്റു സാഹിത്യ പുരസ്‌കാരങ്ങളെപ്പോലെ സാധ്യതാപട്ടികയോ മറ്റ് വിവരങ്ങളോ നൊബേല്‍ കമ്മിറ്റി പുറത്തുവിടാറില്ല. പുരസ്‌കാരം പ്രഖ്യാപിക്കുന്ന വേളയിലാണ് ജേതാവിനെ അറിയുക. റഷ്യന്‍ നോവലിസ്റ്റ് ല്യൂഡ്മില ഉലിറ്റ്സ്‌ക, കരീബിയന്‍ എഴുത്തുകാരി മാരിസ് കോണ്ടേ, കനേഡിയൻ എഴുത്തുകാരി മാര്‍ഗ്രറ്റ് അറ്റ്‌വുഡ്, ഹംഗേറിയന്‍ നോവലിസ്റ്റ് ലാസ്ലോ ക്രസ്നഹര്‍ക്കോയി, പോളിഷ് എഴുത്തുകാരി ഓള്‍ഗ ടൊകാര്‍ചുക്, ജാപ്പനീസ് എഴുത്തുകാരന്‍ ഹാരുകി മുറകാമി തുടങ്ങിയവരുടെ പേരുകളാണ് സാഹിത്യാസ്വാദകർക്കിടയിൽ  പുരസ്‌കാരത്തിനായി ഉയർന്നുകേൾക്കുന്നത്. ഇതുവരെയുള്ള 114 സാഹിത്യ നൊബേല്‍ ജേതാക്കളില്‍ 14 പേര്‍ മാത്രമാണ് സ്ത്രീകള്‍. അതിനാൽ രണ്ട് പുരസ്‌കാരങ്ങളില്‍ ഒന്ന് വനിതാ എഴുത്തുകാരിക്ക് തന്നെയാകാനാണ് സാധ്യതയെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

രണ്ടാംലോകമഹായുദ്ധകാലത്ത് 1943-ലാണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്. സ്വീഡിഷ് അക്കാദമിയുടെ 232 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലൈംഗികാരോപണം മൂലം സാഹിത്യ നൊബേല്‍ പ്രഖ്യാപനം മുടങ്ങുന്നത്.

ഇന്ത്യന്‍ വംശജനായ സല്‍മാൻ റുഷ്ദി, കനേഡിയൻ എഴുത്തുകാരി മാര്‍ഗ്രറ്റ് അറ്റ്‌വുഡ്, ലൂസി എല്‍മാന്‍, ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോ, ചിഗോസി ഒബിയോമ, എലിഫ് ഷഫാക് എന്നിവരടക്കം ആറ് എഴുത്തുകാരാണ് 'ബുക്കര്‍ പുരസ്‌കാര'ത്തിന്റെ ചുരുക്കപ്പട്ടികയിലുള്ളത്. ഇതിൽ സല്‍മാന്‍ റുഷ്ദി, മാര്‍ഗ്രറ്റ് അറ്റ്​വുഡ് എന്നിവര്‍ ഓരോ വട്ടം പുരസ്‌കാരം പുരസ്‌കാരം നേടിയവരാണ്. ഒക്ടോബര്‍ 14 ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം പ്രഖ്യാപിക്കും. പുരസ്‌കാര ജേതാവിന് 50,000 ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ബാക്കി അഞ്ചുപേർക്ക് 2,500 ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗും ലഭിക്കും.