• 22 Sep 2023
  • 04: 48 AM
Latest News arrow

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മാരത്തോണില്‍ മലയാളി താരം ടി ഗോപിക്ക് 21-ാം സ്ഥാനം; ഒളിമ്പിക്സ് യോഗ്യത നേടാനായില്ല

ദോഹ: കഴിഞ്ഞ പത്തുദിവസമായി ദോഹയിൽ നടന്നുവന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചപ്പോൾ ഇന്ത്യയുടെ മലയാളി അത്‌ലറ്റ് തോണക്കൽ ഗോപിക്ക് നിരാശ. ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസം നടന്ന പുരുഷന്മാരുടെ മാരത്തോണില്‍ മത്സരിച്ച ടി. ഗോപിക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാവാത്തതാണ് നിരാശപ്പെടുത്തിയത്.

57 പേര്‍ മത്സരിച്ച  മാരത്തോണില്‍ ടി. ഗോപി 2 മണിക്കൂറും 15 മിനിറ്റും 57 സെക്കന്റുമെടുത്ത്  21-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  കടുത്ത ചൂടിലും മത്സരം ഫിനിഷ് ചെയ്യാനായതാണ് ഗോപിയുടെ നേട്ടം. എന്നാൽ ടോക്യോ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതാ മാര്‍ക്ക് ആയ 2.11.30 സമയം കണ്ടെത്താന്‍ ദോഹയില്‍ ഗോപിക്ക് കഴിഞ്ഞില്ല.  മത്സരം ആരംഭിക്കുമ്പോള്‍ 73 കായിക താരങ്ങൾ  ഉണ്ടായിരുന്നുവെങ്കിലും 18 പേര്‍ ചൂടുമൂലം പാതിവഴിയില്‍ പിന്മാറുകയായിരുന്നു.

മാരത്തോണിൽ എത്യോപ്യന്‍ താരങ്ങളാണ് സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കിയത്. എത്യോപ്യയുടെ ലെലിസ ഡെസിസ 2.10.40 സമയത്തിലും മൊസിനെറ്റ് ഗെറിമ്യു 2.10.44 സമയത്തിലും ഫിനിഷ് ചെയ്തു. 2.10.51 സെക്കന്റില്‍ ഫിനിഷിങ് ലൈനിലെത്തിയ കെനിയയുടെ അമോസ് കിപ്രട്ടോ ആണ് വെങ്കലജേതാവ്.

2017-ല്‍ ഏഷ്യന്‍ മാരത്തോണില്‍ 2.15.48 എന്ന സമയത്തില്‍ ടി.ഗോപി ജേതാവായിരുന്നു. 2.13.39 ആണ് ഗോപിയുടെ മികച്ച സമയം. റിയോ ഒളിമ്പിക്‌സില്‍ 25-ാം സ്ഥാനത്താണ് ടി.ഗോപി ഫിനിഷ് ചെയ്തത്.

14 സ്വര്‍ണവും 11 വെള്ളിയും 4 വെങ്കലവുമടക്കം 29 മെഡൽ നേടിയ അമേരിക്കയാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മെഡൽ പട്ടികയിൽ ഒന്നാമത്. കെനിയ അഞ്ചു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി. ജമൈക്ക മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും നാല് വെങ്കലവും നേടി.