• 16 Oct 2019
  • 09: 55 PM
Latest News arrow

ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കും

ദുബായ്: ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കാൻ നടപടികൾ തുടങ്ങി. യുഎഇയിൽ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി (ഡിസിഡി‌എ) ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജുൽഫാറുമായി  നടത്തിയ കൂടിക്കാഴ്‍യിലാണ് തീരുമാനമെടുത്തത്. നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി അസോസിയേഷന്‍ രൂപീകരിക്കുന്നതിന് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കേരള സമൂഹത്തിനുവേണ്ടി  ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി നേടുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

കേരള സർക്കാർ രൂപീകരിക്കുന്ന സമിതി ഡിസിഡി‌എയുമായി കൂടിയാലോചിച്ച് അസോസിയേഷന്റെ  പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും.സാമൂഹിക--മത വ്യത്യാസങ്ങൾ കൂടാതെ അസോസിയേഷനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ഡിസിഡിഎ ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജുൽഫാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎഇയിലെ മലയാളികള്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങൾ ഏറെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ കേരള അസോസിയേഷൻ മലയാളികള്‍ക്ക് വേണ്ടി മാത്രമല്ല പ്രവര്‍ത്തിക്കുകയെന്നും, യുഎഇ സർക്കാരിന്റെ വിവിധ സംരംഭങ്ങളെ കഴിയുന്ന വിധത്തിൽ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ദുബായ് സർക്കാറും സിഡിഎയും പ്രവാസികള്‍ക്ക് സൗഹാർദപരവും സമാധാനപരവുമായ ജീവിതസാഹചര്യങ്ങൾ ഒരുക്കിയതിനും ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്ര പിന്തുണയ്ക്കും പ്രോത്സാഹനത്തിനും  മുഖ്യമന്ത്രി നന്ദി പറഞ്ഞു.

ഡിസി‌ഡി‌എ റെഗുലേറ്ററി ആൻഡ് ലൈസൻസിങ് സി‌ഇ‌ഒ ഡോ. ഉമർ അൽ മുത്തന്ന, കോൺസുൽ ജനറൽ വിപുൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസുഫലി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും ഡിസിഡി‌എ ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജുൽഫാറുമായുള്ള  കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.