• 16 Oct 2019
  • 09: 37 PM
Latest News arrow

ആത്മഹത്യ ചെയ്യാൻ ചാടിയ യുവതി വീണത് നടക്കാനിറങ്ങിയ വയോധികന്റെ മുകളിൽ! ഇരുവരും മരിച്ചു

അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാൻ കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന്‌ ചാടിയ യുവതി വന്നു വീണത് പ്രഭാത സവാരിക്കിറങ്ങിയ വയോധികന്റെ മുകളിൽ! തൽക്ഷണം രണ്ട് പേരും മരിച്ചു. അഹമ്മദാബാദിലെ അംരെവാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മംമ്ത ഹന്‍സ് രാജ് രതി(30)യും റിട്ട. അധ്യാപകനായ ബാലു ഗമിതു(69)മാണ് മരിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള മംമ്ത ഹന്‍സ് രാജ് ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെയുള്ള പതിവ് നടത്തത്തിലേർപ്പെട്ടിരുന്ന ബാലുവിന്റെ മേലാണ് ഇവർ പതിച്ചത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചു. മംമ്തയും വീഴ്ചയില്‍ തന്നെ മരിച്ചു.

2011-ലായിരുന്നു മംമ്ത വിവാഹിതയായത്. ഭര്‍ത്താവ് സൂറത്തില്‍ വസ്ത്രവ്യാപാരിയാണ്. അടുത്തിടെ മംമ്ത മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനാരംഭിച്ചിരുന്നു. സൂറത്തിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. പതിമൂന്നാം നിലയില്‍ സഹോദരനും താമസിക്കുന്നു. സഹോദരന്റെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മംമ്തയും ഭര്‍ത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്.