മലയാളി ശാസ്ത്രജ്ഞന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കാരണം സ്വവർഗരതിക്കുശേഷം പണത്തെച്ചൊല്ലിയുള്ള തർക്കം

ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട്, സമീപത്തെ ഒരു സ്വകാര്യ ലബോറട്ടറിയായ വിജയ ഡയഗ്നോസ്റ്റിക്സിലെ ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39) അറസ്റ്റുചെയ്തു. ഐ.എസ്.ആർ.ഒ.യുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി) ശാസ്ത്രജ്ഞനും തൃശൂർ സ്വദേശിയുമായ എസ്. സുരേഷിനെ ചൊവ്വാഴ്ച അമീർപേട്ടിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. സ്വവർഗരതിക്കുശേഷം പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
സുരേഷിന്റെ കുടുംബം ചെന്നൈയിലാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുരേഷിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ലാബിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണത്രെ പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്ലാറ്റിലെത്തുന്നത് പതിവായി. വേഴ്ചയ്ക്ക് പ്രതിഫലമായി പണം പ്രതീക്ഷിച്ചിരുന്ന പ്രതി ശ്രീനിവാസ്, അതു ലഭിക്കാതെവന്നപ്പോൾ സുരേഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവത്രേ. ഒക്ടോബർ ഒന്നിന് സുരേഷിന്റെ ഫ്ലാറ്റിലെത്തിയ പ്രതി വേഴ്ചയ്ക്ക് പ്രതിഫലമായി 50,000 രൂപ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വാക്തർക്കത്തിനിടെ സുരേഷിനെ ശ്രീനിവാസ് കത്തികൊണ്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. കോല നടത്തേണ്ടവിധം ഓൺലൈനിൽ നിക്കി മനസ്സിലാക്കുകയും ചെയ്തത്രേ.