• 22 Sep 2023
  • 04: 08 AM
Latest News arrow

അഫീലിന്റെ നില ഗുരുതരം; സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു

പാലാ: ഹാമര്‍ ത്രോ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു. സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി മീറ്റ് കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്‍കരുതല്‍ ഇല്ലാതെയും മീറ്റ് സംഘടിപ്പിച്ചെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണാണ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടത്. വളണ്ടിയറായിരുന്ന അഫീല്‍ മത്സരശേഷം ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് നിന്നെറിഞ്ഞ ഹാമര്‍ തലയില്‍ വന്ന് പതിക്കുകയായിരുന്നു. മൂന്നര കിലോ ഭാരമുള്ള ഹാമര്‍ പതിച്ച് അഫീലിന്റെ തലയോട്ടി തകര്‍ന്നു.

ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും അഞ്ച് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഫീല്‍. അഫീലിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.