• 25 Feb 2020
  • 01: 51 AM
Latest News arrow

ജെല്ലിക്കെട്ടില്‍ ആക്രോശിക്കുന്ന മനുഷ്യമൃഗം

എല്ലാ മനുഷ്യരിലും ഒരു മൃഗം ഒളിഞ്ഞു കിടക്കുന്നു. മനുഷ്യനും ഒരു മൃഗം തന്നെയാണ്. ജന്തുവര്‍ഗത്തിലെ ഒരു മേല്‍ജാതി. മൃഗീയത എന്ന വാക്ക് തന്നെ അത് സൂചിപ്പിക്കുന്നു. എന്നാല്‍ താനൊരു മൃഗമാണെന്ന് സമ്മതിക്കാന്‍ മനുഷ്യന്‍ തയ്യാറാകുമോ? തയ്യാറായേ പറ്റൂവെന്ന് ശഠിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമ.

കാലന്‍ വര്‍ഗീസ് എന്ന ഇറച്ചികടക്കാരന്‍ വര്‍ക്കിച്ചന്‍ അറക്കാന്‍ കൊണ്ടുവന്ന പോത്ത് അറക്കാന്‍ നേരം വിരണ്ടോടുകയാണ്. മുറിവേറ്റ് വെകളി പിടിച്ചു ഓടുന്ന പോത്തിനെ പിടിച്ച് കെട്ടാന്‍ ഒരു നാട് മുഴുവന്‍ ഇറങ്ങി തിരിക്കുന്നു. ആളുകളെ ആക്രമിക്കാതിരിക്കാനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതിരിക്കാനും പോത്തിനെ പിടിച്ച് കെട്ടണമെന്ന നല്ല മനോഭാവമല്ല ഇവിടെ കാണിച്ചുതരുന്നത്. പകരം കുറെ സിംഹങ്ങള്‍ ചേര്‍ന്ന് ഒരു മാനിനെ വേട്ടയാടുന്നത് പോലെയാണ് ഇവിടെ ആള്‍ക്കൂട്ടം പോത്തിന് പിന്നാലെ പായുന്നത്.

ഒരു മൃഗം വിശപ്പടക്കാന്‍ മറ്റൊരു മൃഗത്തെ കൊല്ലുന്നു. ഇവിടെ പോത്താണ് ഭക്ഷണമാകേണ്ട മൃഗം. വിശപ്പടക്കേണ്ട മൃഗം മനുഷ്യനും. ഇത്തരത്തില്‍ ഈ സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം മൃഗങ്ങളായി കണ്ടാല്‍ കാര്യങ്ങള്‍ വ്യക്തമാകും. അടിസ്ഥാനപരമായി മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനുഷ്യരിലെ ജാതിവ്യവസ്ഥ പോലെയേയുള്ളൂവെന്നതാണ് ജെല്ലിക്കെട്ട് എന്ന സിനിമയുടെ ആന്തരികാര്‍ത്ഥം. ക്രൂരജന്തുവും ജന്തുവും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന കാഴ്ച്ചയാണ് ജെല്ലിക്കെട്ട് സമ്മാനിക്കുന്നത്. ജന്തു ആര് ക്രൂരജന്തു ആര് എന്നത് പ്രേക്ഷകനു തീരുമാനിക്കാം.

ആള്‍ക്കൂട്ടത്തെ തന്റെ വരുതിയിലാക്കി അവരുടെ വിക്ഷോഭങ്ങളെ അനായാസം പുറത്തെത്തിക്കുന്നതില്‍ അപാരമായ കഴിവുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നത് അങ്കമാലി ഡയറീസില്‍ നാം കണ്ടതാണ്.  ജെല്ലിക്കെട്ടിലും ആ പ്രതിഭ വെളിപ്പെടുന്നു. ചെമ്പന്‍ വിനോദ് ജോസ്,  വര്‍ഗീസ് ആന്റണി,  സാബുമോന്‍ കുഞ്ഞഹമ്മദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങി ഒരുപിടി താരങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും  സിനിമയിലെ നായകന്‍ ആരെന്ന് ചോദിച്ചാല്‍ അത് ജനക്കൂട്ടം ആണെന്ന് മറുപടി പറയാം. ആളുകള്‍ തമ്മിലുള്ള ഉന്തും തള്ളും പിടിവലിയും വീരവാദവും താന്‍പോരിമയും വൈരവും തുടങ്ങി ഒരു ആള്‍ക്കൂട്ടത്തിന്റെ സകല വികാരങ്ങളെയും കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. പുരുഷത്വത്തിന്റെ വന്യതയാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നത്. ഇതു ക്രമേണ വളര്‍ന്നു സിനിമയുടെ അവസാനമാകുമ്പോഴേയ്ക്കും മനുഷ്യനേത് മൃഗമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സമന്വയിക്കുന്നു. 

ആക്രോശങ്ങളുടെ നടുവിലാണ് സിനിമ. മനുഷ്യന്‍ ഒരു പരിധി വരെ മാത്രമേ നിയമത്തിന്റെ വാഴ്ച്ചയ്ക്ക് തന്നെ തന്നെ വിട്ടുകൊടുക്കു. ആ സമയത്തിനുള്ളില്‍ അവന്‍ ആഗ്രഹിക്കുന്നത് നിയമം ചെയ്തില്ലെങ്കില്‍ പിന്നെ അവന്റെ നിയമമാണ്.  അവന്റെ അധികാര വാഴ്ച്ചയാണ്. ഒരാളും എന്നെ ഭരിക്കാന്‍ വരണ്ട എന്ന് ചിന്തിക്കുകയും ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവരുടെ നേരെ ചാടി വീഴുകയും ചെയ്യുന്ന മനുഷ്യരെയാണ് ഈ സിനിമയില്‍ കാണാന്‍ കഴിയുക. നിയമമോ നിയമ വ്യവസ്ഥയോ പോലും അതിന് തടസ്സം വന്നാല്‍ കത്തിയെരിക്കും എന്ന് വലിയൊരു തീപ്പന്തമായ പൊലീസ് ജീപ്പ് കാണിച്ചു തരുന്നു. രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ മനോഭാവത്തിലേക്ക് കൂടി ചിത്രം വെളിച്ചം വീശുന്നുണ്ട്.

അതേ സമയം പോത്തിനെ പിടിക്കാന്‍ തങ്ങള്‍ക്കേ കഴിയു എന്ന് വീമ്പിളക്കി മദ്യപിച്ചും പടക്കം പൊട്ടിച്ചും ആളുകളുടെ മേല്‍ മെക്കിട്ടു കയറുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെയും സിനിമ കാണിച്ചു തരുന്നു.  നാട്ടില്‍ സദാചാരം ഉണ്ടാക്കാനും കോഴിയെ കൊല്ലാനും മാത്രം കഴിയുന്ന ഇവര്‍ ഈ വഴിയ്ക്കു തങ്ങളുടെ അധികാരവും അഹംഭാവവും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അഹന്തയുടെ തീരാദാഹത്തെ ശമിപ്പിക്കാനുള്ള വിവിധ വഴികള്‍...

മല കേറി വന്നു കാടു വെട്ടിത്തെളിച്ചു കൃഷി ഇറക്കിയതിനെ കുറിച്ച് വമ്പ് പറയുന്ന കാരണവര്‍ പറയുന്നുണ്ട് പൊട്ടക്കിണറ്റില്‍ വീണു കിടക്കുന്ന ആ മൃഗമുണ്ടല്ലോ.. അതിനേക്കാള്‍ വല്യ മൃഗങ്ങളാണ് മനുഷ്യരെന്ന്.  ജെല്ലിക്കെട്ട് എന്ന സിനിമ പറയുന്നതും അതാണ്. മനുഷ്യന് എത്ര എത്ര പരിണാമം സംഭവിച്ചാലും എത്ര ബൗദ്ധിക വികാസം നേടിയാലും മൃഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞുണ്ടായ മനുഷ്യനില്‍ നിന്നും മൃഗീയത നശിക്കുന്നില്ല. സിനിമയില്‍ ഒരിടത്ത് ലോകത്തിലെ ഏറ്റവും രുചിയുള്ള മാംസം മനുഷ്യന്റേതാണെന്ന് പറയുന്നുണ്ട്. ക്ലൈമാക്‌സിലെ രംഗം അതിന്റെ പൂര്‍ത്തീകരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതിശയിപ്പിക്കുന്ന മേക്കിങ് ആണ് ചിത്രത്തിന്റെത്. സാമ്പ്രദായിക സിനിമ സങ്കല്‍പ്പങ്ങളൊക്കെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ തച്ചയടയ്ക്കുകയാണ്. ഒന്നാമത് ഈ സിനിമയില്‍ സംഗീത ഉപകരണങ്ങളുടെ സാന്നിധ്യം ഇല്ല അല്ലെങ്കില്‍ കുറവാണ് എന്നതാണ്. അക്കാപ്പെല്ല ആണ് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങുന്നത്. കൂടാതെ പ്രകൃതിയില്‍ നിന്നും പിടിച്ചെടുത്ത ശബ്ദങ്ങളും.  സൗണ്ട് ഡിസൈന്‍ ചെയ്ത രംഗനാഥ് രവി നമ്മെ അതിശയിപ്പിക്കും. കണ്ണന്‍ ഗോപിനാഥന്റെ മികവും പ്രകടമാണ്. മനുഷ്യന്റെ ഓരോ വികാരത്തിനും ജീവിത സന്ദര്‍ഭങ്ങള്‍ക്കുമുള്ള ശബ്ദം അവനില്‍ തന്നെയുണ്ടെന്ന തിരിച്ചറിവ്. മനുഷ്യന്‍ ജീവിക്കുന്നത് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അല്ല, എന്നാലും അവനു ചുറ്റും ശംബ്ദമുണ്ടെന്ന സത്യം. ജെല്ലിക്കെട്ടിലെ ശബ്ദങ്ങള്‍, ഗ്വാഗ്വാ വിളികള്‍, മുരള്‍ച്ചകള്‍ പ്രേക്ഷകന്റെ ഓരോ ഞരമ്പിനെയും ത്രസിപ്പിക്കുന്നതാണ്.

പോത്തിന്റെ പിന്നാലെയുള്ള ഓട്ടത്തില്‍ പ്രേക്ഷകനും പങ്കാളിയാവുകയാണ്.  രാത്രിയുടെ ഇരുട്ടില്‍ പന്തം കത്തിച്ചും ടോര്‍ച്ചടിച്ചും കാട്ടിലൂടെയും ഏലത്തോട്ടത്തിലൂടെയും രാവിലെ പാലത്തിലൂടെയുമുള്ള ഓട്ടത്തില്‍ പ്രേക്ഷകനും കൂടെ ചേരാതിരിക്കാന്‍ കഴിയില്ല. ഇവിടെയെല്ലാം അസാമാന്യ ദൃശ്യവിരുന്നാണ് പ്രേക്ഷകന് മുമ്പില്‍ വിളമ്പിക്കിട്ടുന്നത്. അതിന്റെ ക്രെഡിറ്റ്‌സ് മുഴുവന്‍ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന് പോകും. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് ഈ സിനിമ എന്ന് തന്നെ പറയാം. സംവിധായകന്റെ മനസ്സിനെ അദ്ദേഹം അതേപടി പകര്‍ത്തി വെച്ചിട്ടുണ്ട് ഓരോ രംഗങ്ങളിലും. എസ് ഹരീഷിന്റെ മാവോയിസ്‌റ് എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷും ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഈ കഥയെക്കാള്‍ ഔന്നത്യം സിനിമയ്ക്ക് കിട്ടുന്നുണ്ടെന്ന് പറയാതെ വയ്യ.

ഓരോ സന്ദര്‍ഭത്തെയും ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഫ്രെയിമുകളിലൂടെ സംവിധായകന്‍ കാണിച്ചു തരുന്നു. നെടുനീളന്‍ ഒറ്റ ഷോട്ടുകള്‍ ഈ ചിത്രത്തിലും വിട്ടു കളഞ്ഞിട്ടില്ല. ഓരോ ഫ്രെയിമിലും അതിശയിപ്പിക്കുന്ന പുതുമയും കൊണ്ടുവന്നിട്ടുണ്ട്. സൂര്യന്റെയും തീയുടെയും ടോര്‍ച്ച്-ലാംപുകളുടെയും വെളിച്ചം അതിമനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. 

ജെല്ലിക്കെട്ട് ഒരു കാഴ്ച്ചയും അനുഭവവുമാണ്. ഒരു കഥ എന്നതിനേക്കാള്‍ സാഹചര്യമാണ്. ടെസ്‌റ്റോസ്റ്റിറോണ്‍-വൈ ജന്തു വിഭാഗത്തില്‍പെട്ട പുരുഷന്റെ അഹംഭാവത്തിന്റെ വന്യത വെളിപ്പെടുത്തലാണ് ഈ സിനിമ.