• 16 Oct 2019
  • 09: 50 PM
Latest News arrow

ഫെഡറേഷന്‍ കപ്പ് വോളിബോളില്‍ കേരളത്തിന് ഇരട്ടക്കിരീടം; ചരിത്രം

അമൃത്സര്‍: ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടക്കിരീടം. പുരുഷവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനലില്‍ തമിഴ്‌നാടിനെയാണ് തകര്‍ത്തത്. സ്‌കോര്‍: 25-21, 25-18, 25-17. വനിതാ വിഭാഗത്തിലാകട്ടെ നിലവിലെ ചാമ്പ്യന്‍മാരായ റെയില്‍വേസിനെ മറികടന്നാണ് കേരളം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 25-18, 25-20, 25-22.

ഫെഡറേഷന്‍ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഇരുവിഭാഗങ്ങളിലും കപ്പുയര്‍ത്തുന്നത്. ഫൈനലില്‍ കേരളത്തിന് വെല്ലുവിളിയാകുമെന്ന കരുതിയിരുന്ന തമിഴ്‌നാട് പക്ഷേ, കേരളത്തിന്റെ ടീം ഗെയിമിന് മുമ്പില്‍ അടിയറവ് പറഞ്ഞു. ജെറോം വിനീത്, അജിത് ലാല്‍, ഷോണ്‍ ടി ജോണ്‍ എന്നിവര്‍ ആക്രമണത്തില്‍ മികച്ചുനിന്നപ്പോള്‍ പ്രതിരോധ നിരയില്‍ ജിഎസ് അഖിനും സാരംഗ് ശാന്തിലാലും വന്‍മതിലായി. ജെറോമാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച അറ്റാക്കര്‍. അഖിന്‍ മികച്ച ബ്ലോക്കറുമായി. 

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനോടേറ്റ തോല്‍വിയ്ക്ക് കണക്കുതീര്‍ക്കാനിറങ്ങിയ റെയില്‍വേസിന്റെ വനിതാ ടീമിന് ഒരു ഘട്ടത്തില്‍ പോലും കേരളത്തിന് വെല്ലുവിളിയാകാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ എസ് രേഖയുടെ നേതൃത്വത്തിലിറങ്ങിയ കേരള ടീം പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് കാട്ടി. എസ് രേഖയാണ് മികച്ച അറ്റാക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എസ് സൂര്യ മികച്ച ബ്ലോക്കറുമായി.