• 08 Jun 2023
  • 04: 45 PM
Latest News arrow

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 12 നോവലുകള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ 15 വര്‍ഷങ്ങളില്‍ ഇറങ്ങിയ നോവലുകളില്‍ ഏറ്റവും മികച്ച 12 എണ്ണം തെരഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. ബിബിസിക്കൊപ്പം ന്യൂയോര്‍ക്ക് ടൈംസിലേയും ടൈം മാഗസിനിലേയും നിരൂപകര്‍ ചേര്‍ന്നാണ് 2000 ജനുവരി 1 നു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളില്‍ നിന്നും ഏറ്റവും മികച്ചവ തെരഞ്ഞെടുത്തത്.

12. മിഡില്‍ സെക്‌സ്-ജെഫ്രി യൂജിനെഡ്‌സ്-അമേരിക്ക (2002)
സ്വവര്‍ഗ്ഗ ലൈംഗികതയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിപ്പോയും തിരിച്ചുവന്നും കൊണ്ടിരിക്കുന്ന കല്യോപ് സ്റ്റെഫാനിസാഡ്‌സിന്റെ തിരിച്ചറിവുകളാണ് ഈ നോവല്‍. ചൈതന്യം തുടിക്കുന്ന ഭാഷയില്‍ യൂജിനേഡ്‌സ് ജീവിതത്തേയും വിധിയേയും ചോദ്യം ചെയ്യുന്നു. നിരൂപണപ്രശംസ നേടിയതിനൊപ്പം തന്നെ ലോകമെങ്ങും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയ നോവല്‍ 2003ല്‍ പുലിറ്റ്‌സര്‍  സമ്മാനാര്‍ഹമായി.

11. വൈറ്റ് ടീത്ത്-സേഡി സ്മിത്ത്-ബ്രിട്ടണ്‍ (2000)
2000 ത്തില്‍ തന്റെ ആദ്യ നോവലിറങ്ങുമ്പോള്‍ നോവലിസ്റ്റ് സേഡി സ്മിത്തിന് പ്രായം 23 വയസ്സ് മാത്രം. അമ്പരപ്പുകളുടേയും അനന്യമായ വാക്ചാതുരിയുടേയും അത്ഭുത ലോകമാണ് സ്മിത്തിന്റെ വൈറ്റ് ടീത്ത്. മികച്ച നവാഗത നോവലിനുള്ള വിറ്റ്ബ്രഡ് ഗാര്‍ഡിയന്‍ പുരസ്‌കാരം കരസ്ഥമാക്കിയ കൃതി.

10. ഹാഫ് ഓഫ് എ യെല്ലോ സണ്‍-ചിമാമന്‍ഡ എന്‍ഗോസി അഡിച്യേ-നൈജീര്യ (2006)
നൈജീരിയയിലെ ബയാഫ്ര കലാപത്തിന്റെ ഓര്‍മകള്‍ നിഴലും നിലാവുമായി ഈ കൃതിയില്‍ കടന്നുവരുന്നു. ബൗദ്ധികമായും കലാപരമായും കലാപത്തിന്റെ നേര്‍ക്കാഴ്ചകള്‍ സൃഷ്ടിക്കുന്നു. പ്രതികരണത്തിന്റേയും പ്രതിഷേധത്തിന്റേയും സമരത്തിന്റേയും പുതിയ പുലരികളെ സ്വപ്‌നം കാണുന്നു.

9. അറ്റോണ്‍മെന്റ്-ഇയാന്‍ മകെവാന്‍-ബ്രിട്ടണ്‍- (2001)
തലമുറകളുടെ പാപങ്ങളുടേയും പശ്ചാത്താപത്തിന്റേയും കൈപ്പുസ്തകം. സ്വപ്‌നങ്ങളുടേയും ഇച്ഛാഭംഗങ്ങളുടേയും ആശനൈരാശ്യങ്ങളുടേയും വേട്ടയാടലുകള്‍.  

8. ബില്ലി ലിന്‍സ്' ലോങ് ഹാഫ്‌ടൈം വാക്ക്-ബെന്‍ ഫൗണ്ടന്‍-അമേരിക്ക (2012)
നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഉത്സവപ്പുഴകളാണ് ബെന്‍ ഫൗണ്ടന്റെ രചനകള്‍, അനശ്വരധാരാപ്രവാഹം. കൊടിയ ദുരന്തത്തിലും ഒളിച്ചുവെക്കുന്ന നേര്‍ത്ത ചിരി.

7. ഏ വിസിറ്റ് ഫ്രം ദ ഗൂണ്‍ സ്‌ക്വാഡ്-ജന്നിഫര്‍ ഈഗന്‍-അമേരിക്ക (2010)
നിശ്ചലമാക്കപ്പെട്ട കാലം കോമാളിയായെത്തുന്നു ഈ കൃതിയില്‍. എത്ര അവഗണിച്ചാലും അവഗണിക്കാനാവാത്ത കാലക്കോലങ്ങളെ ഓര്‍ത്ത് നാം പരിതപിച്ചുകൊണ്ടേയിരിക്കുന്നു.

6. ദ അമേസിങ് അഡ്വഞ്ചേഴ്‌സ് ഓഫ് കാവല്യര്‍ ആന്റ് ക്ലേ-മൈക്കല്‍ ഷേബണ്‍-അമേരിക്ക (2000)
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒട്ടധികം രചനകള്‍ക്ക് മൈക്കല്‍ ഷേബണിന്റെ കൃതികള്‍ മാതൃകയായിട്ടുണ്ട്. സംസ്‌കാരത്തിന്റെ വേറിട്ട അര്‍ത്ഥങ്ങളും ചരിത്രത്തിന്റെ അടരുമാറ്റിയുള്ള അപചരിത്രനിര്‍മ്മാണവും ഈ നോവലിനെ വേറിട്ടു നിര്‍ത്തുന്നു. വെറുപ്പിന്റേയും യുദ്ധക്കൊതിയുടേയും നേര്‍ക്കുള്ള ഒരായിരം ചോദ്യങ്ങള്‍.

5. ദ കറക്ഷന്‍സ്-ജൊനാഥന്‍ ഫ്രാന്‍സന്‍-അമേരിക്ക (2001)
തൊള്ളായിരത്തി മുപ്പതുകളില്‍ അമേരിക്കയെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്നു.

4. ഗില്യാഡ്-മേരിലിന്‍ റോബിന്‍സണ്‍-അമേരിക്ക (2004)
ദൈവവിശ്വാസത്തിന്റെ ആഴങ്ങളേയും ദൈവവഴിയിലെ വിധികളേയും വിശകലനം ചെയ്യുന്ന നോവല്‍. അടിമത്തത്തിനെതിരെയുള്ള ഒരു പാതിരിയുടെ ജീവിതസമരം.

3. വോള്‍ഫ് ഹാള്‍-ഹിലരി മാന്റല്‍-ബ്രിട്ടണ്‍ (2009)
പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പ്യന്‍ ജീവിതം വരച്ചുകാട്ടുന്ന ചരിത്ര നോവല്‍. യുദ്ധത്തിന്റേയും വീരത്വത്തിന്റേയും വീരഗാഥയായി ഈ കൃതി മാറുന്നു.

2. ദ നോണ്‍ വേള്‍ഡ്-എഡ്വര്‍ഡ് പി ജോണ്‍സ്-അമേരിക്ക(2003)
അമേരിക്കന്‍ അടിമത്തത്തെ അതിജീവിച്ചവരുടെ കഥ. അരികുവല്‍ക്കരിക്കപ്പെട്ടവരുടേതും മാറ്റിനിര്‍ത്തപ്പെട്ടവരുടേതും കൂടിയാണ് ചരിത്രമെന്ന വലിയ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുതുറപ്പിക്കുന്നു.

1. ദ ബ്രീഫ് വോണ്ടറസ് ലൈഫ് ഓഫ് ഓസ്‌കര്‍ വോ-ജൂണോ ദിയാസ്-ഡൊമിനിക്കന്‍(2007)

ജൂണോ ദിയാസിന്റെ ആദ്യ നോവലാണ് ബിബിസിയുടെ കള്‍ച്ചര്‍ ക്രിട്ടിക് അവാര്‍ഡിനും അര്‍ഹമായത്. പൈതൃകത്തോടും ചരിത്രത്തോടും ഭാഷയോടും സംസ്‌കാരത്തോടുമുള്ള ഇഴയടുപ്പം വിളിച്ചോതുന്ന കൃതി. ആരാണ് അമേരിക്കന്‍, എന്താണ് അമേരിക്കന്‍ അനുഭവം തുടങ്ങിയ ചോദ്യങ്ങള്‍.