• 13 Nov 2019
  • 08: 51 AM
Latest News arrow

കൈവിട്ട സന്ദേശങ്ങളെ അപ്രത്യക്ഷമാക്കാൻ 'ഡിസപ്പിയറിംഗ് മെസേജസ്' ഫീച്ചറുമായി വാട്ട്സാപ്പ്‍

ജനജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇന്ന് വാട്ട്സാപ്പ്‍. എന്നാൽ  വാട്ട്സാപ്പിലെ കൈവിട്ട സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതല്ല. അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സ് ആപ്പ് ഒരുക്കിയപ്പോള്‍ ഉപയോക്താക്കള്‍ ഏറെ ആശ്വസിച്ചു. അറിയാതെ സെന്‍ഡ് ആകുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധിയാണ് വലിയ വെല്ലുവിളി. ഡിലീറ്റ് ചെയ്യുന്നതിന് ആദ്യം അൽപസമയമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വാട്സാപ്പ് സമയം നീട്ടി നൽകി.

ഇപ്പോഴിതാ കൈവിട്ട സന്ദേശങ്ങൾ തനിയെ മായ്ക്കുന്നതിനുള്ള സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സാപ്പ്.  അയച്ച മെസേജുകൾ തനിയെ ഡിലീറ്റ് ആകുന്ന പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് വാട്ട്സാപ്പ്  അധികൃതര്‍ വ്യക്തമാക്കി. അയച്ച മെസേജുകളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റാകുന്ന 'ഡിസപ്പിയറിംഗ് മെസേജസ്' എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണം വിജയമായിരുന്നെന്നും ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും  ലഭ്യമാകുമെന്നുമാണ് റിപ്പോർട്ട്.

രണ്ട് തരത്തിലുള്ള ടൈം ഓപ്ഷനുകളാകും വാട്ട്സാപ്പ് 'ഡിസപ്പിയറിംഗ് മെസേജസി'ൽ ഉണ്ടാകുക. 5 മിനിട്ടും ഒരു മണിക്കൂറുമാകും സന്ദേശങ്ങള്‍ മാഞ്ഞുപോകാനുള്ള സമയ പരിധി. പിന്നീട് ഇതില്‍ മാറ്റം വരുത്താവുന്ന സംവിധാനവും  അവതരിപ്പിക്കുമെന്നറിയുന്നു. നിലവിലുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചാവും  പുതിയ ഫീച്ചർ. അതുപോലെ  'മെസേജ് ഡിലീറ്റഡ്' എന്ന് എഴുതിക്കാണിക്കുന്നത് ഒഴിവാക്കാനും  പുതിയ ഫീച്ചറിന് സാധിക്കും.

അയക്കുന്ന മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്നതിന് സമയം സെറ്റ് ചെയ്ത് വെയ്ക്കുകയാണ് വേണ്ടത്. ഗ്രൂപ്പുകളിൽ സന്ദേശങ്ങള്‍ എത്ര നേരം പ്രദർശിപ്പിക്കണമെന്ന് അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.  'ഡിസപ്പിയറിംഗ് മെസേജസ്' ഓഫ് ചെയ്യുകയും സെറ്റ് ചെയ്യുകയും ആവാം.