യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക്

ദുബായ്: യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ന്( വ്യാഴാഴ്ച) തിരിച്ചെത്തും. യുഎഇ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഹസ്സ അല്‍ മന്‍സൂരി തിരികെയെത്തുക. കസാഖിസ്ഥാനിലിറങ്ങുന്ന ഹസ്സയും സംഘവും അവിടെ നിന്ന് മോസ്കോയിലേക്ക് പോയി വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാകും. യുഎഇയിലേക്ക് മടങ്ങിയെത്തുന്നതെപ്പോഴെന്ന് തീരുമാനമായിട്ടില്ല.
യാത്ര തുടങ്ങിയ കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോമില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ചെസ്ഗാസ്ഗേനിലാണ് സോയൂസ് എം.എസ് 12 ബഹിരാകാശ വാഹനം ഇറങ്ങുന്നത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകന് നിക് ഹേഗ്, റഷ്യയില്‍ നിന്നുള്ള അലക്സി ഒവ്ചിനിന് എന്നിവരാണ് ഒപ്പമുള്ളത്. മൂന്ന് പേര് ഭൂമിയിലേക്ക് തിരിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇനി ആറ് പേര് മാത്രമാവും.
യുഎഇയുടെ ബഹിരാകാശത്തുനിന്നുള്ള രാത്രി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഹസ്സ അല്‍ മന്‍സൂരി പങ്കുവെച്ചത് വൈറൽ ആയിരുന്നു. യുഎഇയുടെ രാത്രിദൃശ്യങ്ങളും ഇരുട്ടുമൂടിയ മരുഭൂമികളും നിറഞ്ഞ മനോഹര ചിത്രമാണ് ഹസ്സ ട്വീറ്റ് ചെയ്തത്. പതിവ് പരീക്ഷണങ്ങള്‍ക്ക് പുറമെയായിരുന്നു ഭൂമിയിലെ മനോഹര ദൃശ്യങ്ങള്‍ ബഹിരാകാശത്തുനിന്ന് ഹസ്സ അല്‍ മന്‍സൂരി പകര്‍ത്തിയത്. കഴിഞ്ഞ ദിവസം മക്കയിലെ മസ്ജിദുല്‍ ഹറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ചിത്രവും യുഎഇയുടെ പകല്‍ സമയത്തെ ദൃശ്യങ്ങളും ഹസ്സ അല്‍ മന്‍സൂരി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.