• 16 Oct 2019
  • 09: 56 PM
Latest News arrow

'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' അവസാനഘട്ടത്തിലേക്ക്; റിലീസ് അടുത്തവർഷം മാർച്ച് 19-ന്

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' എന്ന പീരീഡ് സിനിമയുടെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ തുടങ്ങി.100-ല്‍ അധികം ദിവസം നീണ്ടു നിന്ന തുടര്‍ച്ചയായ ഷൂട്ടിംഗിന് ശേഷമാണ്' മരക്കാര്‍- അറബിക്കടലിന്റെ സിംഹം' പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19-ന് സിനിമ വൈഡ് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ  തമിഴ് ,തെലുങ്ക് ,ഹിന്ദി, അറബിക്ക്, ചൈനീസ് ഭാഷകളിലും 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം'  പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഈ സിനിമയുടെ പുതിയ സ്റ്റില്ലുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

'ബാഹുബലി'ക്ക് കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിളാണ് മരക്കാറിന് വേണ്ടിയും സെറ്റുകള്‍ ഒരുക്കിയത്. വലിയ കപ്പലുകള്‍ അടക്കം മരക്കാറിന്റെ ഷൂട്ടിംഗിനായി കലാസംവിധായകന്‍ ഒരുക്കിയിരുന്നു. ഷൂട്ടിംഗ് പ്രധാനമായും ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു നടന്നത്.

മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സിദ്ധിഖ്, മുകേഷ് ,നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, പ്രണവ് മോഹൻലാൽ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സിജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവർ  ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സൂപ്പര്‍ഹിറ്റായ 'ഒപ്പ'ത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. 

ഈ സിനിമ 100 കോടി ബഡ്ജറ്റിലാണ് നിർമ്മിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷച്ചടങ്ങിനിടെ മരക്കാറിന്റെ സ്നീക്ക് പീക്ക് ടീസര്‍ പുറത്തുവിട്ടിരുന്നു.