• 16 Oct 2019
  • 09: 55 PM
Latest News arrow

കപില്‍ദേവ് ബിസിസിഐ ഉപദേശകസമിതിയുടെ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഉപദേശകസമിതിയുടെ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു. ബിസിസിഐ ഉപദേശകസമിതി അംഗങ്ങള്‍ക്കെതിരെ ഭിന്നതാത്പര്യ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജിയെന്നറിയുന്നു. ഒരേസമയം വിവിധ സംഘടനകളുടെ മേധാവിയായിരിക്കുന്നുവെന്നാണ് കപില്‍ ദേവിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാനപ്പെട്ട ആരോപണം. നേരത്തെ മറ്റൊരു ഉപദേശക സമിതി അംഗം ശാന്ത രംഗസ്വാമിയും സ്ഥാനം രാജിവെച്ചിരുന്നു.

ഈയിടെ രൂപീകരിച്ച ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ സ്റ്റിയറിങ് കമ്മിറ്റി അംഗവും ഡയറക്ടറുമാണ് കപില്‍ ദേവ്. ടിവി ചാനലുകളുമായുള്ള കൂട്ടുകെട്ടും കപില്‍ ദേവിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭിന്നതാത്പര്യ ആരോപണത്തില്‍ ഉള്‍പ്പെടുന്നു. കപില്‍ ദേവ് ഉള്‍പ്പെടുന്ന സമിതിക്കായിരുന്നു ഇന്ത്യയുടെ പുരുഷ-വനിതാ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം. രവി ശാസ്ത്രിയെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മറ്റിക്കെതിരെ ആരോപണം ഉയര്‍ന്നത്.

മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് കമ്മറ്റിക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ബിസിസിഐ എത്തിക്സ് ഓഫീസര്‍ റിട്ടയേഡ് ജസ്റ്റിസ് ഡി കെ ജയിന്‍ ഉപദേശക സമിതിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.. ഒക്ടോബര്‍ പത്തിന് മുന്‍പ് വിഷയത്തില്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ മറുപടി നല്‍കണമെന്നായിരുന്നു നിർദ്ദേശിച്ചത്. അല്ലാത്തപക്ഷം എത്തിക്സ് ഓഫീസര്‍ പരാതിയില്‍ സ്വമേധയാ തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ, കപില്‍ ദേവ് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിക്കാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.