• 13 Nov 2019
  • 08: 45 AM
Latest News arrow

"കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും..."- 'ടെലിഗ്രാം' നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

കോഴിക്കോട്: മെസേജിംഗ് ആപ്പായ 'ടെലിഗ്രാം' നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയൽ ചെയ്തു. കോഴിക്കോട് സ്വദേശിനിയും ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിനിയുമായ അഥീന സോളമന്‍ ആണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു.

"2013-ല്‍ റഷ്യയില്‍ ലോഞ്ച് ചെയ്ത ടെലിഗ്രാമില്‍ വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ടെലിഗ്രാമിനെ ദുരുപയോഗിക്കുന്നു.കൂടാതെ  തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലിഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ 'ടെലിഗ്രാം' നിരോധിച്ചിട്ടുണ്ട്"- ഹര്‍ജിയില്‍ പറയുന്നു. 

വ്യാഴാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. 

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച സുപ്രീംകോടതി ആശങ്ക പങ്കുവെച്ചിരുന്നു.