• 01 Feb 2023
  • 07: 34 AM
Latest News arrow

കാലവർഷം അവസാനിച്ചു; ഇന്ത്യയിൽ ലഭിച്ചത് 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ; കേരളത്തിൽ 13% അധികമഴ

പൂനെ: കേരളത്തിൽ ഇത്തവണ 13% അധിക മഴ ലഭിച്ചതായി കണക്കുകൾ. കേരളത്തിൽ 2019-ലെ കാലവർഷം ഔദ്യോഗികമായി അവസാനിക്കുമ്പോൾ ജൂൺ -സെപ്റ്റംബർ മാസം വരെ ലഭിച്ചത് 2310.2 മില്ലിമീറ്റർ മഴയാണ്. ശരാശരി 2049.2 മില്ലിമീറ്റർ മഴ. കോഴിക്കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴലഭിച്ചത്-3466.6 മില്ലിമീറ്റർ. തൊട്ടടുത്തുള്ളത് 3417.6 മില്ലിമീറ്റർ ലഭിച്ച കാസറഗോഡ് ജില്ലയാണ്. ശരാശരിയേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാലക്കാട്‌ ജില്ലയിലാണ്. ശരാശരിയുടെ 39% അധികം മഴ ഇവിടെ ലഭിച്ചു. കോഴിക്കോട് 34% അധികം മഴ ലഭിച്ചപ്പോൾ തിരുവനന്തപുരത്ത്  20% അധികം മഴ ലഭിച്ചു. എന്നാൽ, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച ഇടുക്കിയിൽ ഇത്തവണ 11% കുറവ് മഴയാണ് ലഭിച്ചത്. വയനാട് ജില്ലയിൽ 6% കുറവ് മഴയും രേഖപ്പെടുത്തി.

ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ പെയ്ത മഴ ആണ് കാലവർഷ മഴയായി കണക്കാക്കുന്നത്. 2018-ൽ കേരളത്തിൽ 2515 മില്ലിമീറ്റർ മഴയാണ് ഈ കാലയളവില്‍ ലഭിച്ചതെങ്കിൽ ഇത്തവണ ഇത് 2310 മില്ലിമീറ്ററാണ്. വടക്കൻ ജില്ലകളായ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 2018 നേക്കാൾ മഴ 2019 കാലവര്‍ഷത്തിലാണ് ലഭിച്ചത്.

അതേസമയം, 25 വര്‍ഷത്തിനിടയില്‍ രാജ്യത്ത്  ലഭിച്ച ഏറ്റവും വലിയ മഴയാണ് ഇത്തവണത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലേതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട്. കഴിഞ്ഞ  2019-ലെ  കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ രാജ്യത്ത്  10% അധികമാണ് മഴ ലഭിച്ചിട്ടുള്ളത്. 968.3 മില്ലിമീറ്റർ മഴ.  ഐഎംഡി റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം സെപ്റ്റംബറില്‍ ലഭിച്ചത് 102 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ മഴയാണ്. 1994-ൽ  ലഭിച്ചത്  987 മില്ലിമീറ്റർ മഴയായിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് തുടര്‍ച്ചയായ മഴ ലഭിക്കാന്‍ സഹായിച്ചത്. വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മേഖലകളില്‍ കനത്ത മഴ ചില സമയങ്ങളില്‍ 10 ദിവസം വരെ നീണ്ടു നിന്നു. മധ്യപ്രദേശ് (44 ശതമാനം), ഗുജറാത്ത് (43 ശതമാനം), മഹാരാഷ്ട്ര (23 ശതമാനം), കര്‍ണാടക (32 ശതമാനം), സിക്കിം (22 ശതമാനം) എന്നിവയാണ് അധിക മഴ രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍.  എന്നാൽ, മണിപ്പൂര്‍ (-56 ശതമാനം), ഹരിയാന (- 42 ശതമാനം), ദില്ലി (-35 ശതമാനം), ജമ്മു കശ്മീര്‍ (21 ശതമാനം) എന്നിവയുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ മഴ കുറവാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായ മണ്‍സൂണ്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള മഴക്കുറവ് ഇല്ലാതാക്കി.

ജൂലൈ ആദ്യ വാരത്തോടെ എല്‍ നിനോ ദുര്‍ബലമായത് മണ്‍സൂണ്‍ ശക്തി പ്രാപിക്കാന്‍ സഹായിച്ചു. ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ മൊത്തം മഴ (130 ശതമാനം) ആണ്. 1983ന് (142 ശതമാനം) ശേഷം രേഖപ്പെടുത്തിയ മഴയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അളവ് ആണിത്.