ഇറാൻ-സൗദി സംഘർഷം: ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയർന്നേക്കാമെന്ന് സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ്

റിയാദ്: ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയർന്നേക്കാമെന്ന് മുന്നറിയിപ്പ് നല്കി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്. ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും മുറുകിയാൽ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നും സല്മാന് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അമേരിക്കൻ ടെലിവിഷൻ ചാനലായ സിബിഎസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിന്‍സ് മുഹമ്മദ്.
"ഇറാനെ പിന്തിരിപ്പിക്കാന് ലോകം ശക്തവും ഉറച്ചതുമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത അത്ര ഉയര്‍ന്ന നിരക്കിലേക്ക് കുതിക്കുകയും ചെയ്യും.” കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സൈനിക നടപടികൾ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് രാജകുമാരന് മുന്നറിയിപ്പ് നല്കി. "ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാരത്തിന്റെ 20 ശതമാനവും ലോക ജി.ഡി.പിയുടെ 4 ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഈ മൂന്ന് കാര്യങ്ങളും അവസാനിക്കുന്നുവെന്ന് കരുതുക. അത് ബാധിക്കുക സൗദി അറേബ്യയെയോ മിഡില്‍ ഈസ്റ്റിനെയോ മാത്രമല്ല. ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തന്നെ ഇത് കാരണമാകും"- അദ്ദേഹം പറഞ്ഞു.
ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
അക്രമങ്ങളില്‍ ഇറാന് പങ്കുണ്ടെന്ന സൗദിയുടെ വാദം തള്ളിയ ഇറാന്, ആക്രമണത്തിന് പിന്നില്‍ യെമന്‍ ഹൂതി വിമതര്‍ ആണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്റേതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തമാക്കിയിരുന്നു.