• 02 Mar 2021
  • 12: 57 AM
Latest News arrow

നിലയ്ക്കാത്ത ശബ്ദമാധുരി; ഭാരതത്തിന്റെ വാനമ്പാടി നവതിയുടെ നിറവില്‍; ലതാജിയെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്തത്

ഭാരതത്തിന്റെ വാനമ്പാടി എന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച ആ സ്വരമാധുരിയ്ക്ക് തൊണ്ണൂറ് തികഞ്ഞു. പ്രായം ശരീരത്തെ മാത്രമേ ആക്രമിക്കൂ, നാദത്തിന് നിത്യയൗവനമാണെന്ന് ലതാജി ഓര്‍മ്മിപ്പിക്കുന്നു. ദിവസം മുഴുവന്‍ ലതാജിയുടെ പാട്ട് ലോകത്ത് എവിടെയെങ്കിലും പാടിക്കൊണ്ടിരിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. നവതിയാഘോഷങ്ങളുടെ ഈ വേളയിലും അന്തരീക്ഷത്തെ തന്റെ ശബ്ദമാധുരികൊണ്ട് മുഖരിതമാക്കുന്ന ലതാജി, കാലത്തിന്റെ മുന്നേറ്റത്തിന് അതീതയാണ്.

പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന ലതാ മങ്കേഷ്‌കര്‍ ഒരു കുടുംബത്തില്‍പ്പെട്ട മൂന്ന് തലമുറകളിലെ നായികമാര്‍ക്ക് വേണ്ടി പാടിയിട്ടുണ്ടെന്നത് ഒരു അപൂര്‍വ്വതയാണ്. 1947ലാണ് ലതാ മങ്കേഷ്‌കര്‍ സിനിമയിലെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1949ല്‍ അന്നത്തെ നായികാതാരമായ ശോഭനാ സമര്‍ത്ഥന് വേണ്ടി 'നരസിംഹ അവതാര്‍' എന്ന സിനിമയില്‍ പാടി. പില്‍ക്കാലത്ത് ശോഭനയുടെ മക്കളായ നൂതന്‍, തനൂജ എന്നിവര്‍ക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്‌കര്‍, തനൂജയുടെ മകള്‍ കാജോളിന് വേണ്ടിയും പാടി.

ഇടയ്ക്ക് അഭിനയത്തിലും ലതാജി 'ഒരു കൈ' നോക്കിയിരുന്നു. അവിഭജിത ഭാരതത്തിലെ പ്രശസ്ത ഗായിക താരം നൂര്‍ജഹാന്റെ കൂടെ 'ബടി മാ'  എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഹിന്ദി, മറാഠി സിനിമാ ലോകത്തെ ഇതിഹാസ ഗായികാ താരം ശാന്താ ആപ്‌തെയുടെ കൂടെ 'സുഭദ്ര', 'മന്ദിര്‍' എന്നീ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. സുഭദ്രയില്‍ ശാന്താ ആപ്‌തെയുമായി ചേര്‍ന്ന് പാടിയ 'മൈ ഖിലി, ഫുല്‍വാരി...' എന്ന ഗാനം വളരെ ജനപ്രീതി നേടുകയും ചെയ്തു.

1947ലെ 'ആപ് കി സേവാ മെ' എന്ന ചിത്രമാണ് ലതാ മങ്കേഷ്‌കര്‍ ആദ്യമായി പാടിയ ഹിന്ദി ചിത്രമെങ്കിലും 1944ല്‍ ലതാജി പാടിയ അഭിനയിച്ച 'മാതാ കെ സപൂത് കി ദുനിയ ബദര്‍ ദേ തൂ...' എന്ന ദേശഭക്തി ഗാനമാണ് ആദ്യമായി സിനിമയില്‍ കേട്ടത്. അതും മറാഠി ചിത്രത്തില്‍. 

അര്‍ത്ഥവും ഭാവവും മനസ്സിലാക്കി ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഗായികമാണ് ലതാ മങ്കേഷ്‌കര്‍. അതുകൊണ്ട് കാബറെ ഗാനങ്ങള്‍ പാടുന്ന ശീലം അവര്‍ക്കില്ലായിരുന്നു. അത്തരത്തില്‍ ഒരു ഗാനമേ അവര്‍ ആകെ പാടിയിട്ടുള്ളൂ. 'ഇന്തകാം' (1969) എന്ന ചിത്രത്തിലെ 'ആ ജാനെ ജാ, മേരാ യെ ഹുസ്‌ന് ജവാ...' എന്ന ഗാനം. 

'സംഗം' എന്ന ചിത്രത്തില്‍ വൈജയന്തിമാലയ്ക്ക് വേണ്ടി പാടിയ ''മൈം കാ കരൂ റാം മുഝെ ബുഡാ മില്‍ ഗയാ...'' എന്ന ഗാനം ലതാജിയ്ക്ക് ഒരിക്കലും ഓര്‍ക്കാനോ, മൂളാനോ പോലും ഇഷ്ടപ്പെടാത്തതാണ്. ഭര്‍ത്താവായി അഭിനയിച്ച രാജ്കപൂറിനെ അല്‍പ്പം വ്യംഗ്യമായി പരിഹസിച്ചുകൊണ്ട് വൈജയന്തിമാല അഭിനയിച്ച നൃത്തരംഗത്തിന്റെ പാട്ടായിരുന്നു ഇത്. റിക്കാര്‍ഡിങ് വേളയില്‍ മാത്രമാണത്രെ ഈ ഗാനത്തെക്കുറിച്ച് ലതാജിയ്ക്ക് അറിവ് ലഭിച്ചത്. റിക്കാര്‍ഡിങ്ങിന്റെ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ സംഗീത സംവിധായകന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലതാജി ഈ പാട്ട് പാടിയത്.

ലതാ മങ്കേഷ്‌കര്‍ പാടിയ ഒരു ഗാനം പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. 1963ല്‍ 'ഏ മേരേ വതന്‍ കെ ലോ ഗോ...' എന്ന ദേശഭക്തി ഗാനം ലതാജി വേദിയില്‍ ആലപിച്ചുകൊണ്ടിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കണ്ണുകള്‍ നിറഞ്ഞു. അത്രമാത്രം ദേശഭക്തിയാല്‍ ആര്‍ദ്രമായിരുന്നു ലതാജിയുടെ ശബ്ദം.

നടി മധുബാലയ്ക്ക് വേണ്ടി 'മഹല്‍' എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ 'ആയേഗാ ആയേഗാ ആയേഗാ ആനെവാല...' എന്ന ഗാനം വലിയ ജനപ്രീതി നേടി. അതിന് ശേഷം മധുബാല അഭിനയിക്കാനുള്ള കരാര്‍ ഒപ്പിടുമ്പോള്‍ തനിക്ക് പിന്നണി പാടുന്നത് ലതാ മങ്കേഷ്‌കര്‍ ആയിരിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. 

ലതാ മങ്കേഷ്‌കര്‍ പാടിയ ഒരു പാട്ട് നിലവാരമില്ലാത്തതിന്റെ പേരില്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങുകയും എന്നാല്‍ ചിത്രം റിലീസായതോടെ അത് വലിയ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. 1953ല്‍ ഇറങ്ങിയ 'അനാര്‍ക്കലി' എന്ന ചിത്രത്തിലെ 'മുഹബത്ത് മെ ഐസെ കദം ഡഗ്മഗായെ...' എന്ന പാട്ടായിരുന്നു അത്. അനാര്‍ക്കലിയായി വേഷമിട്ട ബീനാറായ് മദ്യപിച്ച പോലെ എക്കിള്‍ ഇട്ട് പാടി നൃത്തം ചെയ്യുന്ന ഒരു ഗാനമായിരുന്നു അത്. ഈ പാട്ട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍മ്മാതാവ് ശശാധര്‍ മുഖര്‍ജി ആലോചിച്ചു. മാത്രമല്ല, ഗാനരംഗം ചിത്രീകരിക്കാനെടുത്ത സമയവും പണവും നഷ്ടപ്പെടുത്തി എന്നാരോപിച്ച് സംവിധായകന്‍ സി രാമചന്ദ്രയ്‌ക്കെതിരെ 75000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാല്‍ എങ്ങിനെയോ ഈ പാട്ടോടുകൂടി ചിത്രം റിലീസാവുകയും 'എക്കി പാട്ട്' ഹിറ്റാവുകയും ചെയ്തു.

മലയാളത്തില്‍ 1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലാണ് ലതാ മങ്കേഷ്‌കര്‍ ആദ്യമായി പാടിയത്. എന്നാല്‍ അതിനും മുമ്പ് ഒരു മലയാള ചിത്രത്തില്‍ ലതാജിയുടെ ശബ്ദം ഉയര്‍ന്നുകേട്ടിട്ടുണ്ട്. 1958ല്‍ പുറത്തിറങ്ങിയ 'തസ്‌കര വീരന്‍' എന്ന ചിത്രത്തിലാണത്. 1955ല്‍ റിലീസായ 'ആസാദ്' എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിന് വേണ്ടി ലതാജി പാടിയ 'കഭീ ഖാമോശ് രഹ്‌തെ ഹൈ...' എന്ന ഗാനമാണ് തസ്‌കരവീരനില്‍ ഉള്‍പ്പെടുത്തിയത്. ഈ ഗാനത്തിന് ഹിന്ദിയില്‍ മീനാകുമാരിയും മലയാളത്തില്‍ രാഗിണിയും നൃത്തംവെച്ചു. 

ഒരു ഗാനം ആലപിക്കുന്നതിന് മുമ്പ് സ്വന്തം കൈപ്പടയില്‍ ലതാജി ആ ഗാനം എഴുതിയെടുക്കും. കടലാസിന് മുകളില്‍ 'ശ്രീ' എന്നെഴുതിയ ശേഷമാണ് ലതാജി ഗാനത്തിന്റെ വരികള്‍ എഴുതുക. തന്റെ ശബ്ദം ഏറ്റവും യോജിക്കുന്നത് സൈറാ ബാനുവിനാണെന്നാണ് ലതാജി വിശ്വസിക്കുന്നത്. സ്വരമാധുരി കൊണ്ട് കഴിഞ്ഞ തലമുറയെയും ഈ തലമുറയെയും വരാനിരിക്കുന്ന തലമുറയെയും വിസ്മയിപ്പിക്കുന്ന ലതാമങ്കേഷ്‌കര്‍ക്ക് ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡും ഭാരതരത്‌നയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. അവരെ കൂടാതെ സത്യജിത് റേയ്ക്ക് മാത്രമാണ് ഈ രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുള്ളത്.