• 16 Oct 2019
  • 09: 48 PM
Latest News arrow

വി ജെ ജയിംസിന്റെ 'നിരീശ്വര'ന് വയലാർ അവാർഡ്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് വി ജെ ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം. നാൽപ്പത്തിമൂന്നാമത് വയലാർ അവാർഡ് ആണിത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27നാണ് അവാർഡ് സമ്മാനിക്കുക.

പുരസ്കാര നിർണ്ണയത്തെച്ചൊല്ലി തർക്കങ്ങളുണ്ടായതായി വാർത്ത വന്നിരുന്നു. പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥയായ 'തിളച്ച മണ്ണിൽ കാൽനടയായി' എന്ന പുസ്തകത്തിന് പുരസ്കാരം നൽകാൻ ബാഹ്യ സമ്മർദ്ദമുണ്ടായിയെന്ന് വെളിപ്പെടുത്തി പുരസ്കാര നിർണ്ണയകമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എം കെ സാനു രാജിവച്ചിരുന്നു. എം കെ സാനുവിന് പകരം പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുളള സമിതിയാണ്  അവാർഡ് നിർണയിച്ചത്. ഡോ എ.കെ നമ്പ്യാർ, അനിൽ കുമാർ വള്ളത്തോൾ, ഡോ കെ വി മോഹൻ കുമാർ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സമിതി ഏകകണ്ഠമായാണ്  പുരസ്കാരം വി ജെ ജയിംസിന് നൽകാൻ തീരുമാനിച്ചതെന്ന് പെരുമ്പടവം ശ്രീധരൻ അറിയിച്ചു.

വി.ജെ ജയിംസിന്‍റെ 'നിരീശ്വരൻ' എന്ന എന്ന നോവലും  ഏഴാച്ചേരി രാമചന്ദ്രന്‍റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കവിതയുമാണ്  സര്‍ഗാത്മകതയുള്ള മികച്ച കൃതികളെന്ന നിലയിൽ  പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.