പതിമൂന്നാം നൂറ്റാണ്ടിലെ പെയിന്റിങ് അടുക്കളയിൽ; മൂല്യം 47 കോടി രൂപ! അന്തംവിട്ട് ഗവേഷകൻ

പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനായിരുന്ന ചീമാബുവെയുടെ (1240-1302) കോടികൾ വിലമതിക്കുന്ന പെയ്ന്റിങ് കണ്ടെത്തി. ഫ്രാന്‍സിലെ പാരീസിന് സമീപത്തുള്ള കോംപെയ്നിലെ ഒരു വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ട നിലയിലാണ് പെയിന്റിങുണ്ടായിരുന്നത്. ഗ്രീക്ക് മതവിശ്വാസത്തിന്റെ പ്രതീകമായാണ് വീട്ടുകാര്‍ ഈ ചിത്രം സൂക്ഷിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ചിത്രത്തിന്റെ പ്രത്യേകതകള്‍ ഒന്നും അറിയില്ലായിരുന്നു.
ചിത്രം സൂക്ഷിച്ച വീട്ടമ്മയ്ക്ക് ചിത്രത്തെക്കുറിച്ചോ ചിത്രകാരനെക്കുറിച്ചോ ചിത്രം എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചോ ധാരണയുണ്ടായിരുന്നില്ല. അടുക്കളയില്‍ ദീര്‍ഘകാലമായി തൂക്കിയിട്ടിരുന്നുവെങ്കിലും ചിത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ചീമാബുവോയുടെ രചനയെ കുറിച്ച് ഗവേഷണം നടത്തുന്ന ചിത്രകലാ വിദഗ്ധനായ ജെറോം മോണ്ടോകൊക്വില് ആണ് ഇത് കണ്ടെത്തിയത്.
ക്രിസ്തുവിന്റെ പീഡാനുഭവം ചിത്രീകരിച്ച ചീമാബുവെയുടെ അവശേഷിക്കുന്ന പതിനൊന്ന് അപൂര്‍വ്വ പെയിന്റിങ്ങുകളില്‍ ഒന്നാണിത്. ക്രിസ്തുവിന്റെ പീഡനാനുഭവങ്ങളും കുരിശു മരണവും ഉള്‍പ്പെടുന്ന എട്ട് രംഗങ്ങളുള്ള ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. 1280 ലാണ് ചിത്രത്തിന്റെ രചനാകാലമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. 'Christ Mocked' എന്ന് പേരുള്ള ഈ ചിത്രത്തിൽ കുരിശിന്റെ വഴിയില്‍ ആളുകള്‍ ചുറ്റും കൂടി യേശുക്രിസ്തുവിനെ പരിഹസിക്കുന്നതാണ് ചീമാബുവെ ചിത്രീകരിച്ചിരിക്കുന്നത്.
നവോത്ഥാനകാലഘട്ടത്തിന് മുമ്പുള്ള കാലത്താണ് ചീമാബുവെ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സെന്നി ഡി പെപോ ജീവിച്ചിരുന്നത്. 1240 ല്‍ ഫ്ളോറന്‍സില്‍ ജനിച്ച ചീമാബുവെ പ്രശസ്തചിത്രകാരന്‍ ജിയോട്ടോ ഡി ബൊന്തോനെയുടെ ഗുരുവാണ്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശനത്തില്‍ ഈ പെയിന്റിങ് 6.59 മില്യണ്‍ ഡോളര്‍ (ഏകദേശം 47 കോടി രൂപ) ലേലത്തുക നേടുമെന്നാണ് കണക്കാക്കുന്നത്.