• 16 Oct 2019
  • 09: 42 PM
Latest News arrow

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കമായ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ (ജി.കെ.എസ്.എഫ്) സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഡിസംബര്‍, ജനുവരി മാസങ്ങളിലായി 45 ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഷോപ്പിങ് ഫെസ്റ്റിവല്‍.
വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനമായത്.

2007-ലാണ് ചെറുകിട, വന്‍കിട വ്യാപാര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കേരളത്തെ ഒരു ഷോപ്പിങ് കേന്ദ്രമാക്കി മാറ്റാന്‍ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഇതിനായി മാനേജിങ്ങ് ഡയരക്ടറെയും ആവശ്യത്തിന് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു.

സാധനം വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങളും സ്വര്‍ണ നാണയവും കോടി രൂപയുമായിരുന്നു സമ്മാനം. സാധനം വാങ്ങുമ്പോള്‍ ബില്ലിനൊപ്പം കൂപ്പണും നല്‍കുമായിരുന്നു. ചെറുകിട, വന്‍കിട സ്ഥാപനങ്ങള്‍ ജി.കെ.എസ്.എഫില്‍ അംഗങ്ങളായിരുന്നു. കടകളില്‍ നിന്നുള്ള നികുതി കൃത്യമായി സര്‍ക്കാരിന് ലഭിക്കുന്നതിനു വേണ്ടിയാണ് ഒന്നരമാസത്തെ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.