• 09 Mar 2021
  • 06: 53 AM
Latest News arrow

"ഭാവിതലമുറയെ നിങ്ങള്‍ വഞ്ചിച്ചു"- അഞ്ച് രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പതിനാറുകാരി ഗ്രേറ്റാ തുന്‍ബെര്‍ഗ്

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബുര്‍ഗ്. ഈ രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് സ്വീഡന്‍ സ്വദേശിയായ പതിനാറുകാരി ഗ്രേറ്റാ തുന്‍ബുര്‍ഗ് യുണൈറ്റഡ് നാഷൻസിൽ കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. തീപ്പൊരി പ്രസംഗത്തിലൂടെയാണ് ഗ്രേറ്റാ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് ഇവര്‍ സംസാരിച്ചത്.

"പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്.  ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ വീഴ്ച വരുത്തിയ നിങ്ങള്‍ ഞങ്ങളുടെ തലമുറയെ വഞ്ചിച്ചു"- ഗ്രേറ്റാ പറഞ്ഞു. 

വെളിയില്‍ വിടുന്ന കാര്‍ബണിന്റെ അളവില്‍ കുറവ് വരുത്താല്‍ ഈ രാജ്യങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിലൂടെ ഭാവിതലമുറയുടെ അവകാശങ്ങളാണ് നിങ്ങള്‍ മുതിര്‍ന്നവര്‍ കവരുന്നതെന്ന് ഗ്രേറ്റായും പതിനഞ്ച് കുട്ടികളും യുഎന്നിന് നൽകിയ പരാതിയില്‍ പറയുന്നു. മുപ്പത് വര്‍ഷം പ്രായമായ മനുഷ്യാവകാശ ഉടമ്പടിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നും ഗ്രേറ്റ ആരോപിക്കുന്നു. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ തീപ്പൊരി പ്രസംഗത്തിന് പിന്നാലെയാണ് ഗ്രേറ്റ പരാതി നല്‍കിയിരിക്കുന്നത്. 

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള കൗമാര പ്രതിനിധികളാണ് ഗ്രേറ്റക്കൊപ്പം പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്. ആഗതമായിരിക്കുന്ന അതിഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് കൗമാരപ്രതിനിധികള്‍ ആവശ്യപ്പെട്ടത്. 

രൂക്ഷമായ ആരോപണങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കൗമാര പ്രതിനിധികള്‍ ഉയര്‍ത്തിയത്. അലാസ്‌കയിലെ മത്സ്യബന്ധനസമൂഹത്തിന്റെ പ്രതിനിധിയായ കാള്‍ സ്മിത്ത്, നേതാക്കള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ചെലവിടാന്‍ പണമില്ലെന്നാണ് ആരോപിച്ചത്. ആഗോളതാപനം മൂലം താന്‍ ഉള്‍പ്പെടുന്ന സമുദായത്തിന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

2018-ല്‍ സ്വീഡനില്‍ വന്‍ ഉഷ്ണതരംഗത്തിനും കാട്ടുതീക്കുമെതിരെ പ്രതികരിക്കാനായി വിചിത്രമായൊരു വഴി തിരഞ്ഞെടുത്തതോടെയാണ് ഗ്രേറ്റാ തുന്‍ബെര്‍ഗ് ലേകശ്രദ്ധയിലേക്ക് എത്തിയത്. എല്ലാ വെള്ളിയാഴ്ച്ചയും സ്‌കൂളില്‍ പോകാതെയാണ് ഗ്രേറ്റാ സമരം നടത്തിയത്. ആ കൊച്ചു കുട്ടി എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്ന് വിട്ടുനിന്നു. "ഇല്ലാത്ത ഭാവിക്കായി ഞങ്ങളെന്തിന് പഠിക്കണം" എന്നായിരുന്നു ഗ്രേറ്റ ചോദിച്ചത്. ആ കൗമാരക്കാരിയുടെ ചോദ്യത്തിന് മുന്നിൽ ലോകത്തിന് ഉത്തരം മുട്ടി. ആദ്യമൊക്കെ ആരും തിരിഞ്ഞുനോക്കിയില്ലെങ്കിലും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഗ്രേറ്റയോടൊപ്പം പ്രതിഷേധിക്കാൻ കുട്ടികളുടെയും യുവാക്കളുടെയും കൂട്ടമെത്തി.

പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിലൂടെ ശ്രദ്ധേയായ ഈ പതിനാറുകാരിയായ സാമൂഹ്യപ്രവര്‍ത്തകയെ 'അംബാസിഡര്‍ ഓഫ് കോണ്‍ഷ്യസ് പുരസ്‌കാരം' നല്‍കിയാണ് സംഘടന ആദരിച്ചത്.