• 04 Oct 2023
  • 06: 12 PM
Latest News arrow

ദേഷ്യം കൂടി വല്ലതും തല്ലിപ്പൊളിക്കാന്‍ തോന്നുന്നുണ്ടോ? 'കലിപ്പന്‍ റൂം' കാത്തിരിക്കുന്നു!

വല്ലതും തല്ലിപ്പൊട്ടിച്ച് നിങ്ങളുടെ ദേഷ്യം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ വണ്ടി നേരെ ചൈനയിലെ ബെയ്ജിങിലേക്ക് വിട്ടോ... ഇവിടെ നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തല്ലിപൊട്ടിക്കാം.

സ്ട്രസ് നിയന്ത്രിക്കാനുള്ള ബെയ്ജിങ്ങുകാരുടെ ഒരു ചികിത്സാ രീതി കൂടിയാണിത്. താങ്ങാന്‍ കഴിയാത്ത സ്ട്രസ് അനുഭവിക്കുന്നവരെ കലിപ്പ് മുറി(ആങ്കര്‍ റൂം)യിലേക്ക് കടത്തിവിടുകയാണ് ആദ്യം ഇവിടെ ചെയ്യുന്നത്. മുറിയില്‍ വെച്ച് നിങ്ങള്‍ക്ക് എന്ത് വസ്തുവാണോ നശിപ്പിക്കണമെന്ന് തോന്നുന്നത് അത് ക്ലിനിക്ക് നടത്തുന്ന ഉടമയില്‍ നിന്ന് കാശ് നല്‍കി വാങ്ങുക. തുടര്‍ന്ന് ഉടമ തരുന്ന സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് ആ വസ്തുവിനെ ദേഷ്യം തീരുന്നതു വരെ തല്ലിപ്പൊട്ടിക്കാം.

നിങ്ങള്‍ ആങ്കര്‍ റൂമില്‍ ചിലവിടുന്ന സമയത്തിനനുസരിച്ചാണ് ഇവിടെ പണം നല്‍കേണ്ടത്. അരമണിക്കൂര്‍ ചിലവഴിക്കുന്നതിന് 158 യുവാന്‍ നല്‍കണം. തല്ലിപൊളിക്കാന്‍ വേണ്ട വസ്തുക്കളുടെ ലിസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പൊളിക്കാനാവശ്യമായ വടിയും ഹെല്‍മറ്റും ലഭിക്കും.

വസ്തുക്കള്‍ തല്ലിപൊളിച്ചതിന് ശേഷം ആളുകള്‍ ആങ്കര്‍ മുറിയില്‍ നിന്ന് ചിരിച്ചു കൊണ്ടാണ് മടങ്ങാറുളളതെന്ന് ആങ്കര്‍ റൂമിന്റെ മാനേജര്‍ സ്മാഷ് ഷുവോ പറയുന്നു. ടിവി, കമ്പ്യൂട്ടര്‍, വൈന്‍ ബോട്ടിലുകള്‍, ഫര്‍ണീച്ചര്‍, പ്രതിമകള്‍ അങ്ങനെ എന്തും നിങ്ങള്‍ക്ക് തകര്‍ക്കാന്‍ തിരഞ്ഞെടുക്കാമെന്നും സ്വന്തമായി സാധനങ്ങള്‍ കൊണ്ട് വന്ന് തല്ലിപൊളിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും ജിന്‍ പറയുന്നു.  ഒരു സ്ത്രീ തന്റെ വിവാഹ ഫോട്ടോകളെല്ലാം ഇവിടെ കൊണ്ടുവന്നു അവയെല്ലാം തകര്‍ത്തുവെന്നും ജിന്‍ പറയുന്നു. പ്രതിമാസം 600 ഓളം പേര്‍ ക്ലിനിക്കില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ജിന്‍ കൂട്ടിച്ചേര്‍ത്തു.