• 08 Jul 2020
  • 12: 38 PM
Latest News arrow

''സിന്ധുനദീതട സംസ്‌കാരത്തിലെ മനുഷ്യര്‍ നാമാവശേഷമായിട്ടില്ല; അവരാണ് തമിഴര്‍''- കീഴാടി പറയുന്നത്‌

പുരാതന തമിഴര്‍ ആദിവാസികളായിരുന്നുവെന്നും ഇവിടേയ്ക്ക് നാഗരികത എത്തിനോക്കിയത് ഒരുപാട് നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നുവെന്നുമാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍, സിന്ധു നദിയുടെ തീരത്ത് നഗരങ്ങള്‍ സജീവമായപ്പോഴും ഇന്‍ഡോ-യൂറോപ്പ്യന്‍മാര്‍ (ആര്യന്‍മാര്‍) വന്ന് ഗംഗാ നദീതടങ്ങളില്‍ മറ്റൊരു നാഗരിക സംസ്‌കാരം (വേദ യുഗം) വാര്‍ത്തെടുത്തപ്പോഴും ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ വേട്ടയാടിയും കായ്കനികള്‍ ശേഖരിച്ചും പിന്നീട് കൃഷിയില്‍ ഏര്‍പ്പെട്ടും ഗ്രാമീണ ജീവിതമാണ് നയിച്ചതെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങളും അനുമാനങ്ങളും. എന്നാല്‍ ഇവയെ കടത്തിവെട്ടുന്ന കണ്ടെത്തലുകളാണ് തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കീഴാടിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

മധുരൈയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ, വൈഗ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ മണ്ണിനടയില്‍ ഉറങ്ങിക്കിടന്നിരുന്നത് ഇന്ത്യാ ചരിത്രത്തെ മാറ്റിമറിക്കാന്‍ പോന്ന സുപ്രധാന വിവരങ്ങളായിരുന്നു. 2015 മുതല്‍ ഇവിടുത്തെ മണ്ണ് മാന്തി, തമിഴ്‌നാട് ആര്‍ക്കയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തെടുത്തത് ഒരു നഗരത്തെയാണ്‌. ബിസി 580 കളില്‍ സജീവമായിരുന്ന ഒരു നഗരം. ഈ നഗരത്തിലൂടെ നടന്നുപോയ ഗവേഷകര്‍ കണ്ടെത്തിയ വൈഗ നദീതട സംസ്‌കാരം  ഉത്തരം നല്‍കുന്നത്, തമിഴ് ഉള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ആരെന്ന ചോദ്യത്തിനാണ്.

ആര്യന്‍മാര്‍ നശിപ്പിച്ചുവെന്ന് കരുതുന്ന സിന്ധു നദീതട സംസ്‌കാരം അന്ന് നാമാവശേഷമായിട്ടില്ലെന്ന സന്തോഷ വാര്‍ത്ത കീഴാടി നല്‍കുന്നു. ആര്യന്‍മാരുടെ ആക്രമണത്തോടെയോ മറ്റേതോ കാരണത്താലോ ഉത്തര പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നും ചിതറിക്കപ്പെട്ട സിന്ധു ജനത ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായില്ല. പകരം അവര്‍ മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറി. അങ്ങിനെ അവരില്‍ ഒരു കൂട്ടര്‍ എത്തിപ്പെട്ടത് തമിഴ്‌നാട്ടിലെ കീഴാടിയിലായിരുന്നു. അവിടെ അവര്‍ മറ്റൊരു നഗരവും സംസ്‌കാരം കെട്ടിപ്പടുത്തു, വൈഗ നദീതട സംസ്‌കാരം. 

കീഴാടിയില്‍ നിന്നും ലഭിച്ച ലിപികളാണ് ഈ വിവരം കൈമാറുന്നത്. തമിഴിന്റെ പ്രാചീന രൂപമാണ് തമിഴ് ബ്രഹ്മി. ഈ ബ്രഹ്മിയുടെ പ്രാചീന രൂപമാണ്‌ കീഴാടിയിലെ പര്യവേഷണ സ്ഥലത്ത് നിന്നും ലഭിച്ചിരിക്കുന്നത്. 'ഗ്രാഫിറ്റി മാര്‍ക്ക്‌സ്' എന്ന് വിളിക്കുന്ന ഈ ലിപികള്‍ക്ക്, ഇന്‍ഡസ് ലിപികളുമായി സാമ്യമുണ്ടെന്ന കണ്ടെത്തലാണ് മുകളില്‍ പറഞ്ഞ നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ ഇടയാക്കിയത്. 

എങ്കിലും ഇതു സംബന്ധിച്ച പഠനം പൂര്‍ണമായിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്. ആയിരത്തോളം ഗ്രാഫിറ്റി മാര്‍ക്ക്‌സ്, കിട്ടിയതില്‍ കുറച്ചുമാത്രമാണ് ഇന്‍ഡസ് ലിപിയുമായി സാമ്യമുള്ളത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലിപിയാണ് 4500 വര്‍ഷം പഴക്കമുള്ള ഇന്‍ഡസ് ലിപി. ഈ ലിപി അപ്രത്യക്ഷമായതിന് ശേഷം തമിഴ് ബ്രഹ്മി ലിപിയുണ്ടായി. കീഴാടിയില്‍ നിന്ന് കിട്ടിയ ലിപി ഇവ രണ്ടിനും ഇടയിലുള്ളതാണ്. ഈ ഗ്രാഫിറ്റി മാര്‍ക്ക്‌സ്, ഇന്‍ഡസ് ലിപിയില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നതാകാമെന്നാണ് നിഗമനം. എന്തായാലും ഇന്‍ഡസ് ലിപി പോലെ ഈ ലിപികളും വായിക്കാന്‍ സാധിച്ചിട്ടില്ല. പഠനങ്ങള്‍ തുടരുകയാണ്.

തമിഴ്‌നാട്ടിലെ സുവര്‍ണ യുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘം യുഗത്തില്‍, ഒരു നാഗരികത ഉണ്ടായിരുന്നില്ലെന്ന പഠനങ്ങളാണ് കീഴാടി ആദ്യം തച്ചുടയ്ച്ചത്. സംഘം യുഗം ബിസി 300 ലാണ് തുടങ്ങിയതെന്നാണ് കരുതപ്പെട്ടിരുന്നത്. കീഴാടിയിലെ നഗരം ആവിര്‍ഭവിച്ചതാകട്ടെ ബിസി 580 ലും. അങ്ങിനെയെങ്കില്‍ സംഘം യുഗം ബിസി 500 -ല്‍ തന്നെ തുടങ്ങിയെന്ന് കരുതാം. 

ഇതിനിടയില്‍ 2017ല്‍ കീഴാടിയില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് സ്ഥലം മാറ്റിയത് പല വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ ആര്യ-ദ്രാവിഡ സംസ്‌കാരത്തെ ചുറ്റിപ്പറ്റി ഉടലെടുത്ത വിടവിന്റെ ഒരു പ്രതിഫലനമാണ് ഈ നടപടിയില്‍ കാണപ്പെട്ടതെന്നായിരുന്നു വിലയിരുത്തല്‍. 

കീഴാടി ഇതുവരെ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്ന് നാം കാണുന്ന ആധുനിക തമിഴരുടെ പൂര്‍വ്വികര്‍ സിന്ധു നദീതട സംസ്‌കാരത്തിലെ മനുഷ്യരായിരുന്നുവെന്ന് മനസ്സിലാക്കാം. അല്ലെങ്കില്‍ സിന്ധു നദീതട സംസ്‌കാരത്തിലെ ജനതയുടെ തലമുറയാണ് ഇന്നത്തെ തമിഴര്‍. മാത്രമല്ല, സിന്ധു നദീതട സംസ്‌കാരത്തിലെ ജനത സംസാരിച്ചിരുന്നത് ദ്രാവിഡ ഭാഷയാണെന്നും ഇതില്‍ നിന്ന് വ്യക്തമാക്കപ്പെടുന്നു.  അതായത് തമിഴടക്കമുള്ള ദ്രാവിഡ ഭാഷയുടെ പ്രാചീനരൂപം. എങ്കിലും ശക്തമായ തെളിവുകള്‍ ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

Editors Choice