• 16 Oct 2019
  • 09: 38 PM
Latest News arrow

''ഞാന്‍ സീറ്റ് ചോദിച്ചിട്ടില്ല; എന്റെ പേര് വലിച്ചിഴക്കരുത്; കുടുംബാധിപത്യ പ്രസ്താവന എന്തിനായിരുന്നുവെന്ന് മുരളിയേട്ടനോട് ചോദിക്കണം''- പത്മജ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് പദ്മജ വേണുഗോപാല്‍. സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ല. താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. കുടുംബാധിപത്യം ആരോപിക്കപ്പെടുമെന്ന കെ മുരളീധരന്റെ പ്രസ്താവന എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. 

താന്‍ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പദ്മജ വേണുഗോപാലിനെ ഒഴിവാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. പദ്മജയുടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കുടുംബാധിപത്യം എന്ന ആക്ഷേപമുണ്ടാക്കും. വട്ടിയൂര്‍ക്കാവില്‍ തനിക്ക് നോമിനി ഇല്ല. ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. 

"എന്റെ പേര് ടിവിയില്‍ കേട്ടു എന്നല്ലാതെ എന്നോടാരും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന കാര്യം ചോദിക്കുകയോ, ഞാനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാന്‍ തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയാണ്. തിരുവനന്തപുരത്താണ് പഠിച്ചുവളര്‍ന്നത് എന്നതുകൊണ്ട്, അവിടത്തെ പ്രവര്‍ത്തകരുമായൊക്കെ എനിക്ക് നല്ല ബന്ധമാണുള്ളത്. അങ്ങനെ വന്നതായിരിക്കാം പേര് എന്നാണ് വിശ്വസിക്കുന്നത്. പേര് വന്നതില്‍ സന്തോഷം.''- പത്മജ പറഞ്ഞു.

''ഏത് സാഹചര്യത്തിലാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞതെന്ന് അറിയില്ല. അത് മുരളിയേട്ടനോട് തന്നെ ചോദിക്കണം''- പത്മജ പറയുന്നു. തനിക്ക് തീരെ അറിയാത്ത കാര്യമാണ്. വെറുതെ തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. നമുക്ക് മനഃസ്സമാധാനമാണല്ലോ വലുതെന്നും പദ്മജ പറഞ്ഞു. 

അതേസമയം അരൂരില്‍ ഷാനിമോള്‍ ഉസ്മാന് സാധ്യതയുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.