• 16 Oct 2019
  • 09: 52 PM
Latest News arrow

"വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ല"- നിലപാട് മാറ്റി കുമ്മനം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. മത്സരിക്കണമെന്ന ആഗ്രഹം ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം വ്യക്തമാക്കി. ഇന്നലെ വിദേശപര്യടനം കഴിഞ്ഞെത്തിയ കുമ്മനത്തോട് സ്ഥാനാര്‍ത്ഥിയാകണമെന്ന് എട്ട് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്നായിരുന്നു അപ്പോള്‍ കുമ്മനത്തിന്റെ നിലപാട്. 

ദേശീയ നേതൃത്വത്തോട് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടാനിരിക്കെയാണ് മത്സരിക്കാനില്ലെന്ന് കുമ്മനം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് മികച്ച സാധ്യതയുണ്ടെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും പാര്‍ട്ടി വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. അതേസമയം ആരുടെയും സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമ്മനം മത്സരിക്കില്ലെന്ന കാര്യം തനിക്ക് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കുമ്മനത്തിന് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതിനിടെ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയുടെ നിലപാട് ജില്ലാ സമിതി അംഗീകരിച്ചു. കുമ്മനം മത്സരിക്കണമെന്നതാണ് പൊതുവികാരമെന്ന് ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ് പറഞ്ഞു. മണ്ഡലത്തില്‍ ഇന്നലെത്തന്നെ ബിജെപി പ്രചാരണം തുടങ്ങിയിട്ടുണ്ട്.