• 02 Jun 2020
  • 04: 40 PM
Latest News arrow

ഇന്ത്യ-യുഎസ് എല്‍എന്‍ജി കരാര്‍ ഒപ്പിട്ടു; ഹൗഡി മോദി മഹാസംഗമത്തിന് ഇന്ന് തുടക്കം

വാഷിങ്ടണ്‍: ദ്രവീകൃത പ്രകൃതി വാതക കരാറിന് ഇന്ത്യയും യുഎസും തമ്മില്‍ ധാരണയായി. പെട്രോനെറ്റും യുഎസ് കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് 50 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാന്‍ ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണിലെത്തിയ മോദി ഊര്‍ജരംഗത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോള എണ്ണവില നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും ഇന്ത്യയുടെ ഊര്‍ജമേഖലയിലുള്ള ആവശ്യങ്ങളെക്കുറിച്ചും അവ സൃഷ്ടിക്കുന്ന അവസരങ്ങളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. 

അതേസമയം മോദിയുടെ ഹൗഡി മോദി പരിപാടി നടക്കുന്ന ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 55,000-ത്തിലേറെ പേര്‍  പരിപാടിക്കെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. അറുന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെയാണ് ടെക്‌സാസിലെ ഇന്ത്യന്‍ സമൂഹം പരിപാടി ആസൂത്രണം ചെയ്യുന്നത്. അറുപതിലേറെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും ഗവര്‍ണമാരും ചടങ്ങില്‍ പങ്കെടുക്കും.

പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന കലാപരിപാടികളോടെ ചടങ്ങ് ആരംഭിക്കും. പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദിയിലെത്തും. ട്രംപിനെ ചടങ്ങിനെത്തിക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കാണാം. ഇന്ത്യ-യുഎസ് ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാവും പരിപാടിയെന്ന് മോദി പറഞ്ഞു. 

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചടങ്ങിനെത്തുന്നത്. ഈ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റ് പക്ഷത്തുള്ള ഇന്ത്യന്‍ ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാരകരാറുകളില്‍ ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയേക്കും എന്ന് സൂചനയുണ്ട്. 

 

Editors Choice