• 16 Oct 2019
  • 09: 38 PM
Latest News arrow

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. ഏലത്തൂര്‍ എസ്‌കെ ബസാര്‍ രാജേഷാണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ രാജേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ ശ്രീലേഷ് ,ഷൈജു എന്നീ രണ്ട് സിപിഎം പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.