• 02 Jun 2020
  • 05: 28 PM
Latest News arrow

"വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിനെതിരായ ജനവിധിയായിരിക്കും"- ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ യുഡിഎഫിന് വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണംകൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധമായ നയങ്ങളും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബി വൈദ്യുത പദ്ധതി തട്ടിപ്പിനെ കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെലവിനേക്കാള്‍ മൂന്നിരട്ടി തുക എസ്റ്റിമേറ്റ് നല്‍കുകയാണ് വൈദ്യുതി ബോര്‍ഡ് ചെയ്തിരുന്നത്. സര്‍ക്കാരിന് പ്രത്യേക താല്‍പര്യമുള്ള കമ്പനികള്‍ക്ക് കരാര്‍ ലഭ്യമാക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിലവിലെ റേറ്റ് മാറ്റി മൂന്നിരട്ടി കൂടുതലുള്ള റേറ്റ് ഉണ്ടാക്കി ഇളവ് നല്‍കുക വഴി വന്‍ അഴിമതിയാണ് നടന്നത്. പ്രത്യേക നിരക്ക് നിശ്ചയിച്ചത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Editors Choice