• 16 Oct 2019
  • 09: 45 PM
Latest News arrow

' ടെർമിനേറ്റർ: ഡാർക് ഫേറ്റ് ' പൊളിക്കുമെന്ന് അർണോൾഡ് ഷ്വാർസ്നെഗര്‍

ടെര്‍മിനേറ്റര്‍ പരമ്പരയിലെ സിനിമകള്‍ക്കായി ലോകമെമ്പാടും കാത്തിരിക്കുന്ന ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് പുതിയ സിനിമ വരികയാണ്. 'ടെർമിനേറ്റർ: ഡാർക് ഫേറ്റ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിട്ടുള്ളത്. ടിം മില്ലെർ ആണ് സംവിധാനം. താൻ കാണാൻ ആഗ്രഹിക്കുന്ന 'ടെര്‍മിനേറ്റര്‍' ഇതാണെന്നാണ് ടെർമിനേറ്റർ ചലച്ചിത്രങ്ങളിൽ നായകനായിരുന്ന സാക്ഷാൽ അർണോൾഡ് ഷ്വാർസ്നെഗര്‍ പറയുന്നത്.

'ഡാര്‍ക് ഫേറ്റി'ലെപ്പോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും ടെർമിനേറ്റർ രണ്ടാംഭാഗത്തിലൊഴികെ താൻ കണ്ടിട്ടില്ലെന്നും മികച്ച ടെര്‍മിനേറ്റര്‍ സിനിമകളുടെ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും 'ഡാര്‍ക് ഫേറ്റെ'ന്നും കൂടി പറഞ്ഞുവെയ്ക്കുന്നു  അർണോൾഡ് ഷ്വാർസ്നെഗര്‍. സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്ത്  വിട്ടിരുന്നു.

അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. പഴയ ചിത്രത്തിൽ സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ഈ ചിത്രത്തിലുണ്ടാകും.  മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിടുന്നു.

1984-ലായിരുന്നു ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. അർണോൾഡ് ഷ്വാർസ്നെഗര്‍ പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രം ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്. തുടർന്ന് നാല് ചിത്രങ്ങൾ കൂടി എത്തി. ഈ പരമ്പരയിലെ ആറാമത്തെ ചിത്രമാണ് 'ടെർമിനേറ്റർ: ഡാർക് ഫേറ്റ്'. ഈ പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ 'ടെർമിനേറ്റർ-2: ജഡ്ജ്മെന്റ് ഡേ'യുടെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.