• 27 May 2020
  • 02: 15 PM
Latest News arrow

തിങ്കളാഴ്ച 'പാല' പൂക്കും, പൂമണം നുകരാന്‍ ഒരാഴ്ച കാത്തിരിക്കണം

അടുത്ത തിങ്കളാഴ്ച പാലാ ആര്‍ക്ക് വേണ്ടിയാവും പൂക്കുക? യുഡിഎഫിനോ അതോ എല്‍ഡി എഫിനോ? ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ രണ്ടില പൊഴിഞ്ഞ ശേഷം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കടപുഴങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അരനൂറ്റാണ്ടുകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച് പാലായുടെ മാണിക്യമായി മാറിയ കെഎം. മാണിയുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്നേടത്ത് കെസിഎമ്മിന്റെ സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തുമെന്നാണ് ഐക്യ ജനാധപത്യമുന്നണിയുടെ കണക്ക് കൂട്ടല്‍. ആരുടെ കണക്കാവും ശരിയെന്നറിയാന്‍ 27ാം തിയതി ഉച്ചവരേയെങ്കിലും കാത്തിരിക്കണം.

ഇരുവിഭാഗത്തിന്റെയും പ്രതീക്ഷകള്‍ക്ക് കോപ്പു കൂട്ടുന്ന ഘടകങ്ങള്‍  പലതുമുണ്ട്. കെസിഎമ്മിലെ മൂപ്പിളമ തര്‍ക്കവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ അവ്യക്തതയും തങ്ങള്‍ക്ക് അനുകൂലമാവുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നേരത്തെയുള്ള പ്രതീക്ഷ. അതാണ് പാലായില്‍ കെ എം. മാണിക്ക് പകരം മറ്റൊരു മാണി (മാണി സി കാപ്പന്‍) തന്നെ വരുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി സഖാവ് പ്രവചിച്ചത്.

ജോസഫ് സാറും ജോസ് മോനും തമ്മില്‍ പാര്‍ട്ടിയുടെ അഭിമാനചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കടിപിടി കൂടി ഒടുവില്‍ കൈതച്ചക്കയില്‍ അഭയംകണ്ടു. പാലാക്കാര്‍ കൈതച്ചക്ക കൃഷിയില്‍ പണ്ട് സുപരിചിതരാകയാല്‍ ഇലയില്ലെങ്കിലും ചക്കയുടെ രുചി വോട്ടര്‍മാര്‍ മറക്കില്ലെന്നാണ് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ഉറച്ച വിശ്വാസം.

പാര്‍ട്ടിയുടെ ചെയര്‍മാന്‍സ്ഥാനം തനിക്ക് വേണമെന്ന് പി ജെ. ജോസഫും, വിട്ടു തരില്ല, താനാണ്  പ്രസിഡന്റ്  എന്ന് ജോസ് മോനും തര്‍ക്കിച്ചു ഒടുവില്‍ ഭാഗം പിരിയുമെന്ന് കരുതിപ്പോന്ന ഇടതു നേതാക്കളുടെ കണക്ക് കൂട്ടല്‍ യുഡിഎഫ് , പ്രത്യേകിച്ചും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും, എ.കെ. ആന്റണിയും മറ്റും ചേര്‍ന്ന് അട്ടിമറിച്ചു. ജോസ് മോനും ജോസഫ് സാറും ഒരു വേദിയില്‍ വരാനിടയില്ലെന്നും  സ്ഥാനാര്‍ത്ഥി ജോസ് ടോം  നേരിട്ട് ചെന്ന് പിജെ ജോസഫിനെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചില്ലെന്ന പ്രചാരണവുമൊക്ക അസ്ഥാനത്തായി. ജോസ് മോന്‍ വേദിയില്‍ ജോസഫ് സാറിന് കൈ കൊടുക്കുന്നതും  ജോസ് ടോം തൊടുപുഴയില്‍ ജോസഫ് സാറിന്റെ വീട്ടില്‍ ചെന്ന് ഖദര്‍ ഷാൾ  അണിയിക്കുന്നതുമൊക്കെ കണ്ടും കേട്ടുമറിഞ്ഞ പാര്‍ട്ടി പ്രവർത്തകരുടെ  മനസ് കുളിര്‍ത്തു.

മാത്രമല്ല,  മുന്നു തവണ ഈ മണ്ഡലത്തില്‍ മാണി സാറിനോട് പരാജയപ്പെട്ട എന്‍സിപി നേതാവ് മാണി സികാപ്പന് തന്നെ  നാലാമതും ടിക്കറ്റ്  നല്‍കിയതില്‍ അമര്‍ഷം പൂണ്ട് പാര്‍ട്ടിയുടെ മുന്‍ അദ്ധ്യക്ഷന്‍  പരേതനായ ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്നവരെന്ന് കരുതുന്ന നൂറോളം എന്‍സിപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്ന പ്രചാരണം ഇടതുപക്ഷത്ത് നേരിയ അങ്കലാപ്പും  മറുപക്ഷത്ത് ഇത്തരി പ്രതീക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. അത് വെറുതെയെന്നാണ് എന്‍സിപി മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നതെങ്കിലും വല്ല കഴമ്പുമുണ്ടോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

ഇതേ അവസരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരി പാര്‍ട്ടിയുടെ ജനപിന്‍തുണ നിര്‍ണ്ണയിക്കാന്‍ സജീവമായി രംഗത്തുണ്ട്.  ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി  ഏതാനും ദിവസത്തെ അജ്മാന്‍ ജയില്‍ വാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ബിജെപിയുടെ വിജയത്തിനായി രംഗത്ത് ഇറങ്ങുമെന്നും  പ്രഖ്യാപിച്ചിട്ടുണ്ട്.  തുഷാറിന്റെപിതാവ്  വെള്ളപ്പള്ളി നടേശനാവട്ടെ ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കൂടെയാണ്.  പിതാവും പുത്രനും എസ്എന്‍ഡിപിയുടെ പ്രസിഡന്‌റും വൈസ് പ്രസിഡന്റുമാണ്. അണികള്‍   ആരു പറഞ്ഞതാണ് കേള്‍ക്കുകയെന്നറിയാന്‍ കവിടി നിരത്തേണ്ടി വരും.

എതായാലും പ്രചാരണം അവസാന ദിവസങ്ങളില്‍ പൊടിപൊടിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലെ മന്ത്രിമാരില്‍ മിക്കവരും പാല പൂക്കുന്നത് കാണാന്‍ മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും.

പാലപ്പൂമണം നുകരാന്‍  ഒരാഴ്ച കൂടി കാത്തിരിക്കാം.

Editors Choice