• 16 Oct 2019
  • 09: 40 PM
Latest News arrow

"പാലാരിവട്ടം പാലം 'പഞ്ചവടിപ്പാലം' പോലെ ആയല്ലോ"- വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. 'പഞ്ചവടിപ്പാലം' പോലെയായല്ലോ പാലാരിവട്ടം പാലമെന്നും സിനിമാ കഥ യാഥാര്‍ഥ്യമാക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ടി ഒ സൂരജ് അടക്കമുളളവര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സര്‍ക്കാറിനോട് നിലവിലെ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായ നാലു പേരുടെയും ജാമ്യാപേക്ഷ ഈ മാസം 25ലേക്ക് മാറ്റി.
അതേസമയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവരികയായെണെന്നുമാണ് വിജിലന്‍സിന്റെ വിശദീകരണം. എന്നാല്‍ പാലം നിര്‍മ്മാണ നടപടികളില്‍ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ അഭിഭാഷകന്‍ അറിയിച്ചു.