• 16 Oct 2019
  • 09: 39 PM
Latest News arrow

അഴിമതിക്കാരുടേയും കൈക്കൂലിക്കാരുടേയും കരണത്തടിക്കാനും കാലിൽ വെടിവെച്ചിടാനും ജനങ്ങളോട് നിർദ്ദേശിച്ച് ഒരു പ്രസിഡന്റ്!

മനില: അഴിമതിക്കാരെ കൈകാര്യം ചെയ്തോളാൻ ജനങ്ങളോട് ഒരു രാജ്യത്തിൻറെ പ്രസിഡന്റിന്റെ നിർദ്ദേശം! സേവനത്തിന് കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെ വെടിവെയ്ക്കാന്‍ ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്  ഫിലിപ്പീന്‍സ് പ്രസിഡന്‍റ്  റോഡ്രിഗോ ഡുറ്റേര്‍ട്ടെയാണ്. എന്നാല്‍ വെടി വയ്ക്കുന്നതിന് ചില നിബന്ധനകൾ പ്രസിഡന്‍റ് മുന്നോട്ട് വെച്ചിട്ടുണ്ട്.

"നിങ്ങള്‍ അഴിമതിക്കാരെ വെടിവച്ചോളൂ പക്ഷേ അവരെ കൊല്ലരുത്. ഗുരുതരമായ മുറിവുകള്‍ അവര്‍ക്ക് സംഭവിച്ചാലും നിങ്ങളെ ഞാന്‍ സംരക്ഷിക്കാം. അത്തരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതുകൊണ്ട് നിങ്ങള്‍ ജയിലില്‍ പോവില്ല."- വടക്കന്‍ മനിലയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് പ്രസിഡന്‍റിന്‍റെ ഈ ഉറപ്പ്.

"നിങ്ങള്‍ നികുതി നല്‍കുന്നവരാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏതെങ്കിലും അധികാരികള്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരുടെ കരണത്ത് അടിച്ചിടണം. നിങ്ങളുടെ കൈവശം ആയുധമുണ്ടെങ്കില്‍ അതുപയോഗിച്ച് അവരെ ഉപദ്രവിക്കാനും മടിക്കരുത്. വെടി വയ്ക്കുകയാണെങ്കില്‍ അത് കാലില്‍ വയ്ക്കുക. അത് ആളപായം ഉണ്ടാക്കില്ല."-  റോഡ്രിഗോ ഡുറ്റേര്‍ട്ട വിശദമാക്കി.

സാമൂഹികപ്രശ്നങ്ങളെ നേരിടാന്‍ ഇതുപോലുള്ള നിർദ്ദേശങ്ങൾ നൽകിയതിന്റെ പേരിൽ കുപ്രസിദ്ധനാണ് എഴുപത്തിനാലുകാരനായ റോഡ്രിഗോ ഡുറ്റേര്‍ട്ടെ.