• 16 Oct 2019
  • 09: 52 PM
Latest News arrow

മരട് ഫ്ലാറ്റ് കേസ്: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി പഠനം നടത്തണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. രജിസ്ട്രി എപ്പോള്‍ ഈ കേസ് കേള്‍ക്കണമെന്ന് തീരുമാനിക്കുന്നോ അപ്പോള്‍ മാത്രമേ ലിസ്റ്റ് ചെയ്യുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. മരടിലെ ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എംജി എന്നയാളായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

കായലുകള്‍ക്കു സമീപമാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ  ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.