• 16 Oct 2019
  • 09: 44 PM
Latest News arrow

മലൈസാമിക്ക് ചിന്ന ആശൈ... അന്തംവിട്ട് കളക്ടർ!!!

രാമനാഥപുരം: പ്രസിദ്ധയായ ഒരു വനിതയെ വിവാഹം കഴിച്ചുതരണമെന്ന് ജില്ലാഭരണകൂടത്തോട് ഒരു വയോധികന്റെ അഭ്യർത്ഥന! കാര്യം നടന്നില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിയും! തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലാ അസ്ഥാനത്താണ് നാടകീയ സംഭവം അരങ്ങേറിയത്.

24- കാരിയായ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന നിവേദനവുമായാണ് രാമനാഥപുരം ജില്ലാ കളക്ടര്‍ക്ക് മുന്നിൽ നാട്ടുകാരൻ തന്നെയായ 70 വയസ്സുകാരൻ  മലൈസാമി എത്തിയത്. വിവാഹത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്ന ഭീഷണിയും നിവേദനത്തിൽ ഉണ്ടായിരുന്നു.

പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടി ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയായിരുന്നു മലൈസാമിയുടെ എൻട്രി. ലോക ബാഡ്മിന്റണ്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ പി.വി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താത്പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ടറേറ്റില്‍ എത്തിയത്. താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4- നാണ് ജനിച്ചതെന്നും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിവേദനത്തിലുണ്ട്.

നിവേദനം വായിച്ചു നോക്കിയ കളക്ടറുടെ കണ്ണുതള്ളി. കിളിപോയ മലൈസാമിക്ക് എന്തുചികിത്സ നൽകണമെന്ന ആശയക്കുഴപ്പത്തിലാണ് കളക്ടറും സംഘവും.

70-year-old Malaisamy has submitted a petition to the collector of Ramanthapuram in Tamil Nadu asking that his marriage be performed with 24-year-old badminton star #pvsindhu. The man claimed to be only 16 years old. pic.twitter.com/0DlrJiFB4q

— Sushil Rao (@sushilrTOI) September 17, 2019