• 16 Oct 2019
  • 09: 43 PM
Latest News arrow

ഗവൺമെന്റിതര സംഘടനകളുടെ വിദേശഫണ്ടുകൾക്ക് കടിഞ്ഞാൺ

ന്യൂദൽഹി: ഗവൺമെന്റിതര സംഘടനകൾ (എന്‍ജിഒകള്‍) വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള നിയമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാതലായ മാറ്റങ്ങൾ വരുത്തി. വിദേശനിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട 2011-ലെ നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ഇതനുസരിച്ച് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന എന്‍ജിഒകളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ ഒരു തരത്തിലും മതപരിവര്‍ത്തനം പോലുള്ള  പ്രവൃത്തികളിൽ  ഏര്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ വിദേശഫണ്ടുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മതപരിവര്‍ത്തന സംബന്ധിയായ കേസില്‍ വിചാരണ നേരിട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആകാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. മതം മാറ്റുന്നതിന്‍റെ പേരില്‍ രാജ്യത്ത് അക്രമങ്ങൾ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമത്തിലെ മാറ്റം.

വിദേശഫണ്ട് സ്വീകരിക്കുന്നതിന് നേരത്തെ സത്യവാങ്മൂലം ആവശ്യമില്ലായിരുന്നു. ഈ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. എന്നാല്‍, ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഇനിമുതല്‍ സര്‍ക്കാറിനെ അറിയിക്കേണ്ടെന്നും ഭേദഗതിയിലുണ്ട്. നേരത്തെ ഇത്തരത്തില്‍ സർക്കാറിനെ അറിയിക്കാതെ സ്വീകരിക്കാവുന്ന സമ്മാനത്തിന്‍റെ മൂല്യം 25,000 രൂപയായിരുന്നു.

വിദേശ സഞ്ചാരത്തിനിടയില്‍ സ്വീകരിക്കുന്ന അത്യാവശ്യ ആശുപത്രി സേവനങ്ങളെക്കുറിച്ചും ഒരുമാസത്തിനുള്ളില്‍ സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണമെന്നും നിയമഭേദഗതിയിലുണ്ട്.