• 16 Oct 2019
  • 09: 55 PM
Latest News arrow

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍; വിധി പറയുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നടിയുടെ സ്വകാര്യത മാനിച്ച് ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുതെന്നും മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തേടി  ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് തനിയ്ക്ക് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്നും അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍ കേസിന്റെ ഭാഗമായ മെമ്മറി കാര്‍ഡ് തൊണ്ടിമുതലായാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഈ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാല്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോടതിയില്‍ നടിയും മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ ശക്തമായി എതിര്‍ത്തു. മെമ്മറി കാര്‍ഡ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടു. കാലങ്ങള്‍ക്കു ശേഷമാണെങ്കില്‍പ്പോലും ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ പേര് പുറത്തുപോകാനിടയാക്കും. തന്റെ സ്വകാര്യതയും ലംഘിക്കപ്പെടും. മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു.