• 16 Oct 2019
  • 09: 47 PM
Latest News arrow

അഭയ കേസ്: മൊഴി മാറ്റി പറയാന്‍ പ്രതികളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സാക്ഷി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. പ്രതികള്‍ക്കെതിരായ മൊഴി മാറ്റി പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് അഭയയുടെ അധ്യാപികയായ ത്രേസ്യാമ്മ വെളിപ്പെടുത്തി. തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നുവെന്ന് ത്രേസ്യാമ്മ സ്വകാര്യ ചാനലിനോട് പറഞ്ഞു. 

താനും സഹഅധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക് ചെന്നത്. കിണറിനു സമീപത്തായിരുന്നു അപ്പോള്‍ മൃതദേഹം. ബെഡ്ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ്  ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്. മുഖവും കഴുത്തിന്റെ ഭാഗവുമാണ് കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. അത് താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ വെളിപ്പെടുത്തി.

വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. താന്‍ അവിവാഹിതയായതുകൊണ്ട് പ്രതിഭാഗത്തിന്റെ ഭീഷണികളെ ഭയമില്ലെന്നും ത്രേസ്യാമ്മ കൂട്ടിച്ചേര്‍ത്തു.