• 16 Oct 2019
  • 09: 55 PM
Latest News arrow

"മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് പഠനം നടത്തണം"- സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേക്ക് പുതിയ ഹര്‍ജി കൂടി. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണം എന്നാവശ്യപ്പെട്ട് മരട് ഫ്ലാറ്റിന് സമീപം താമസിക്കുന്ന വ്യക്തിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പൊളിച്ചുനീക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നതിന് പുറമേ ഇതുവരെ പരിസ്ഥിതി മലിനീകരണം നടത്തിയതിന് പിഴ ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, മരട് വിഷയവുമായി ബന്ധപ്പെട്ട് പുതിയ ഹര്‍ജികളൊന്നും സ്വീകരിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പുതിയ റിട്ട് ഹര്‍ജി എത്തിയിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതിയുടെ ഈ ഉത്തരവ് വിശദമായി പരിശോധിച്ചശേഷമാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു.

വിവാദ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭ ക്ഷണിച്ച അപേക്ഷയില്‍ 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്‌. നാല് ഫ്ളാറ്റുകളും കൂടി പൊളിച്ചു കളയാന്‍ 30 കോടി രൂപയെങ്കിലും വേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.