• 02 Jun 2020
  • 04: 36 PM
Latest News arrow

ഹൊ ഹാ ഹേ..; ഹിന്ദി മേം.... ബോലിയേ...

ഞങ്ങള്‍ വിശ്വസിക്കുന്നത് മാത്രമേ, നിങ്ങള്‍ വിശ്വസിക്കാന്‍ പാടുള്ളൂ, ഞങ്ങള്‍ കഴിക്കുന്നത് മാത്രമേ നിങ്ങള്‍ കഴിക്കാന്‍ പാടുള്ളൂ, ഞങ്ങള്‍ സംസാരിക്കുന്നത് മാത്രമേ നിങ്ങള്‍ സംസാരിക്കാന്‍ പാടുള്ളൂ എന്ന് പാടിക്കൊണ്ട് നടക്കുകയാണ് കേന്ദ്രഭരണം നടത്തുന്ന ബിജെപി. ഭരണം കയ്യില്‍ കിട്ടിയപ്പോള്‍ അവരുടെ കണ്ണില്‍ കാവിനിറം പടര്‍ന്നു. നോക്കുന്നിടത്തെല്ലാം കാവി. നിയമവാഴ്ച, ഭരണഘടന എന്നൊക്കെയുണ്ടെന്ന് പറഞ്ഞാല്‍ ബിജെപി വാഴ്ചയോ, ആര്‍എസ് തത്ത്വങ്ങളോ എന്ന് മാത്രം കേള്‍ക്കുന്ന അവസ്ഥ. അപ്പോള്‍ പിന്നെ 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
ഒരു രാജ്യം ഒരു ഭരണഘടന
ഒരു രാജ്യം ഒരു നികുതി
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്
ഒരു രാജ്യം ഒരു ഗ്രിഡ്
ഒരു രാജ്യം ഒരു പാര്‍ട്ടി
ഒരു രാജ്യം ഒരു കാര്‍ഡ് (മൊബിലിറ്റി)

എന്നിങ്ങിനെ പട്ടികയൊക്കെ ഉണ്ടായതില്‍ അവരെ കുറ്റം പറയാനൊക്കുമോ.... ഇപ്പോള്‍ ആ പട്ടികയില്‍ ഒന്നുകൂടി ചേര്‍ത്തിരിക്കുന്നു. ഒരു രാജ്യം ഒരു ഭാഷ. എന്തിനാ... രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍... രാജ്യം പൊട്ടിപ്പിളര്‍ന്ന് വിവിധ കഷ്ണങ്ങളായി കിടക്കുകയാണല്ലോ... പിന്നെ നാനാത്വത്തില്‍ ഏകത്വമെന്ന് അവര്‍ കേട്ടത് മോദിത്വത്തില്‍ ഏകത്വമെന്നായിപ്പോയി. അതിന്റെ ഒരു പ്രശ്‌നമേയുള്ളൂ... 

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപത്തിലാണ് ഇന്ത്യയുടെ വൈവിധ്യത്തെ കരണ്ട്കീറാന്‍ പോന്ന ഹിന്ദി മാഹാത്മ്യം ഉയര്‍ന്ന് കണ്ടത്. ആറാം ക്ലാസ് വരെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഹിന്ദി പഠിക്കണമത്രെ. ഹിന്ദി പ്രാഥമിക ഭാഷയായിട്ടുള്ള ഭരണപ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഏതെങ്കിലും പ്രാദേശിക ഭാഷ പഠിക്കണം, ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളില്‍ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി കൂടി പഠിക്കണം. ഇതാണ് കരടില്‍ പറയുന്നത്. അതായത് ഒരു രാജ്യം ഒരു ഭാഷ.

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. ഹിന്ദി സംസാരിക്കാത്ത പ്രദേശത്തുകാര്‍ക്ക് ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലുള്ളവരോട് സംവദിക്കാന്‍ നിലവില്‍ ഇംഗ്ലീഷുണ്ട്. അതുകൊണ്ട് ഐക്യത്തിന് വലിയ കോട്ടമൊന്നും പറ്റിയിട്ടില്ല. അപ്പോള്‍ ഹിന്ദി സംസാരിച്ചാലേ ഐക്യമുണ്ടാകു എന്ന് പറയുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധഭോഷ്‌ക് തന്നെ. 

മറ്റു രാജ്യങ്ങളിലൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മൂന്ന് ഭാഷാ സമ്പ്രദായമൊന്നുമില്ല. ഇംഗ്ലണ്ട്, ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രൈമറി ക്ലാസുകളില്‍ ഒറ്റ ഭാഷ മാത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. ഉയര്‍ന്ന ക്ലാസുകളിലേക്കെത്തുമ്പോള്‍ ഒരു ഭാഷ കൂടി പഠിക്കാം. അത് ഏതു വേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതുമാണ്. ഇതുപോലെ ലോകത്തുള്ള മറ്റേത് രാജ്യമെടുത്ത് നോക്കിയാലും രണ്ടില്‍ കൂടുതല്‍ ഭാഷയൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പഠിക്കേണ്ട ആവശ്യമില്ല. അപ്പോഴാണ് ഐക്യമുണ്ടാക്കാനെന്നും പറഞ്ഞ് ഹിന്ദിയുമായി ബിജെപി സര്‍ക്കാരിന്റെ രംഗപ്രവേശനം. 

വടക്കേ ഇന്ത്യയിലെ ഹിന്ദി ബെല്‍റ്റിന്റെ നീളം കൂട്ടി മറ്റു സംസ്ഥാനങ്ങളെ ചുറ്റിവരിഞ്ഞ് മുറുക്കാനാണ് പദ്ധതി. 2011 ലെ സെന്‍സെസ് പ്രകാരം രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മൊത്തത്തില്‍ എടുത്താല്‍ അതില്‍ 12 ഇടങ്ങളിലാണ് ഹിന്ദി പ്രഥമ ഭാഷയായിട്ടുള്ളത്. ബാക്കിയുള്ള 23 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ ജനങ്ങളുടെ പ്രഥമ ഭാഷ ഹിന്ദിയല്ല. 16 പ്രദേശങ്ങളിലെ ജനങ്ങള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായിപ്പോലും ഹിന്ദി ഉപയോഗിക്കുന്നില്ല. അപ്പോഴാണ് സംസ്ഥാനങ്ങളുടെ ഭാഷാപരമായ പരമാധികാരത്തിന്റെ നെഞ്ചത്തേയ്ക്ക് ലോകത്തിലാരും കാണിക്കാത്ത തറവേലയുമായിബിജെപിയിലെ 'ജി'കള്‍ വലിഞ്ഞ് കേറിയിരിക്കുന്നത്. 

ഹിന്ദി രാഷ്ട്രഭാഷയാണെന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാല്‍ ഹിന്ദി രാഷ്ട്രഭാഷയല്ല, മറിച്ച് കേന്ദ്ര ഭാഷയാണെന്നതാണ് വാസ്തവം. കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇംഗ്ലീഷിനൊപ്പം ഉപയോഗിക്കാവുന്ന ഒരു ഭാഷ. അതിനപ്പുറം ഹിന്ദിയ്‌ക്കൊരു പ്രാധാന്യവുമില്ല. സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഭാഷ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കാം. ഹിന്ദി വേണ്ടവര്‍ക്ക് ഹിന്ദി ഔദ്യോഗിക ഭാഷയാക്കാം. അത്രമാത്രം. അതുകൊണ്ട് കപടദേശീയവാദികളായ നേതാക്കളെ നിങ്ങളോട് 'ഒഎംകെവി' എന്ന് പറയുന്നതിന് മുമ്പ് ''ജാവോ.... ജാവോ....''
 

Editors Choice