• 01 Oct 2023
  • 06: 40 AM
Latest News arrow

യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ തുടങ്ങുന്നു

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ, ടോട്ടനം തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.

യൂറോപ്യന്‍ ഫുട്‍ബോൾ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ലിവര്‍പൂളിന്റെ ആദ്യ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയാണ്. രാത്രി പന്ത്രണ്ടരമുതല്‍ നാപ്പോളിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

പരിക്ക് മാറിയ  ലയണൽ മെസി ഇന്ന് ബാഴ്‌സലോണ ജേഴ്‌സിയില്‍ തിരിച്ചെത്തും. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഇന്ന് രാത്രി നടക്കുന്ന എവേ മത്സരത്തില്‍ മെസി കളിക്കുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ആദ്യ മത്സരത്തില്‍ ഒളിംപിയാക്കോസുമായി ഏറ്റുമുട്ടും. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തുന്ന ചെല്‍സി, വലന്‍സിയെയാണ് നേരിടുക. ഇന്റര്‍ മിലാന്‍- സ്ലാവിയ പ്രാഹ, ലിയോണ്‍- സെനിത്, അയാക്‌സ്- ലിലി, ബെന്‍ഫിക്ക- ലെപ്‌സിഗ്, ബ്രൂഗെ- ഗലാറ്റസരെ മത്സരവും ഇന്ന് രാത്രി നടക്കും.

രാത്രി 10.25 മുതൽ സോണി സിക്സ് കളികൾ സംപ്രേഷണം ചെയ്യും.