• 27 May 2020
  • 01: 27 PM
Latest News arrow

നടന്‍ സത്താര്‍ അന്തരിച്ചു

ആലുവ: പ്രമുഖ നടന്‍ സത്താര്‍ (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.50-ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മാസമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് നാല് മണിയ്ക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദിലാണ് കബറടക്കം.

1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയാണ് സത്താര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണത്തിലൂടെ നായകനായി. 'ശരപഞ്ജരം' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. നായകനായും വില്ലനായും നാല് പതിറ്റാണ്ട് കാലം സിനിമയില്‍ സജീവമായിരുന്നു. 2014-ലെ 'പറയാന്‍ ബാക്കിവെച്ചത്' ആണ് അവസാന ചിത്രം. 

പ്രേം നസീറിന്റെ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ടെന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. തുടര്‍ന്ന് വിന്‍സെന്റ് മാഷിന്റെ 'അനാവരണ'ത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലിറങ്ങിയ ഈ ചിത്രം വിജയമായതോടെ സത്താറിന് സിനിമയില്‍ ഒരടിത്തറ കിട്ടി. തുടര്‍ന്നിറങ്ങിയ 'യത്തീം' എന്ന ചിത്രത്തിലെ അസീസിലൂടെ സത്താറിനെ പ്രേക്ഷകര്‍ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീറടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളായും സത്താര്‍ മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. 'ശരപഞ്ജര'ത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായതോടെ ഇരുവരും ഒന്നിച്ച് പിന്നെ സിനിമകളുണ്ടായി. അതിനിടെ 'ബീന' എന്ന ചിത്രത്തില്‍ കൂടെ അഭിനയിച്ച മുന്‍നിര നായിക ജയഭാരതിയെ ജീവിതസഖിയാക്കി.

എണ്‍പതുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായതോടെ സത്താര്‍ വില്ലന്‍ വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇറങ്ങിയ ലോ ബഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. തമിഴില്‍ 'മയില്‍' ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. ബാബു ആന്റണി നായകനായ 'കമ്പോളം' അടക്കം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2012-ല്‍ '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. തുടര്‍ന്ന് 'കാഞ്ചി', 'നത്തോലി ചെറിയ മീനല്ല' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.  യുവനടൻ കൃഷ് ജെ. സത്താർ മകനാണ്. 

 

Editors Choice