• 23 Sep 2019
  • 07: 02 AM
Latest News arrow

രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് 26-നും 27-നും

കോഴിക്കോട്: ബാങ്ക് ലയനത്തിനെതിരെ പണിമുടക്കുമായി യൂണിയനുകൾ. പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകളാണ്  പണിമുടക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 26, 27 തീയതികളിലാണ് രാജ്യവ്യാപകമായുള്ള പണിമുടക്ക്. ഇതിനുശേഷം നവംബർ രണ്ടാംവാരം മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും AIBOC ജനറൽ സെക്രട്ടറി ദീപൽ കുമാർ അറിയിച്ചു. ശമ്പളപരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചുദിവസമായി നിജപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ട് വെയ്ക്കുന്നു.

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (AIBOC), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (AIBOA), ഇന്ത്യൻ നാഷണൽ ഓഫീസേഴ്സ് കോൺഗ്രസ് (INBOC), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (NOBO) എന്നീ സംഘടനകളാണ് പണിമുടക്കിന്  ആഹ്വാനം നൽകിയിട്ടുള്ളത്.

ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു. 

ഓഗസ്റ്റ് 30-നാണ് പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്പത്തികരംഗത്തെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ ലയിപ്പിക്കുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വിശദീകരിച്ചിരുന്നു. ലാഭകരമല്ലാത്ത പൊതുമേഖലാ ബാങ്കുകളെ ലാഭത്തിലുള്ള പൊതുമേഖലാ ബാങ്കുകളുമായാണ് ലയിപ്പിക്കുന്നത്. ഇതോടെ പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലെണ്ണമാകും 

ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ  ബാങ്കായി മാറും. 

കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. മൊത്തം ബിസിനസ്സ്  15.2 ലക്ഷം കോടി രൂപയാകും.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. 14.6 ലക്ഷം കോടി രൂപയാകും ഈ ബാങ്കിന്‍റെ മൊത്തം ബിസിനസ്സ്.

ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിച്ച് ‌രാജ്യത്തെ ഏഴാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്‍റെ മൊത്തം ബിസിനസ്. 

ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. 2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നു.
 
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നു മുതലായിരുന്നു ലയനം നിലവിൽ വന്നത്. 

2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു