• 23 Sep 2019
  • 07: 00 AM
Latest News arrow

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ പ്രതിഷേധം; തിരുവോണദിവസം നിരാഹാരമിരുന്ന് താമസക്കാര്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിയുമായി നഗരസഭ മുമ്പോട്ടുപോകുന്നതില്‍ ശക്തമായ പ്രതിഷേധവുമായി ഫ്‌ളാറ്റ് ഉടമകള്‍. നഗരസഭാ കാര്യാലയത്തിന് മുമ്പില്‍ തിരുവോണദിവസമായ ഇന്ന് നിരാഹാരമിരുന്നാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.  

അഞ്ച് ദിവസം മാത്രമാണ് ഫ്‌ളാറ്റ് വിട്ടൊഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ സമയം നല്‍കിയിരിക്കുന്നത്. ഇന്നലെ ഫ്‌ളാറ്റുകളില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ച് നോട്ടീസ് പതിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തിരുവോണനാളില്‍ നിരാഹാരമിരിക്കാന്‍ ഫ്‌ളാറ്റുടമകള്‍ തീരുമാനിച്ചത്. 

ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. ഏലൂരിലെ ഫാക്ടിന്റെ അതിഥിമന്ദിരത്തിലേക്ക് മാറ്റാനാണ് നഗരസഭയും ജില്ലാ ഭരണകൂടവും ആലോചിക്കുന്നത്. 

നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള താല്‍പ്പര്യപത്രം നഗരസഭ ക്ഷണിച്ചിട്ടുണ്ട്. അടുത്ത 18ന് നടപടിയുടെ പുരോഗതി കാണിച്ച് സര്‍ക്കാരിന് നഗരസഭ റിപ്പോര്‍ട്ട് നല്‍കണം. ഫ്‌ളാറ്റുകള്‍ പൊളിച്ച് 20-ാം തിയതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാവുകയും ചെയ്യണം. ഇതാണ് യുദ്ധകാലടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ നഗരസഭയെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.