• 23 Sep 2019
  • 07: 12 AM
Latest News arrow

മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നോട്ടീസ് പതിപ്പിച്ച് നഗരസഭ; തിരുത്തൽ ഹർജി നൽകാൻ ഫ്ലാറ്റുടമകളുടെ നീക്കം

കൊച്ചി: പൊളിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയ മരടിലെ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭയുടെ നോട്ടീസ് നൽകിത്തുടങ്ങി. അഞ്ചുദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയ്യാറാകാത്തതിനാൽ ഉദ്യോഗസ്ഥർ നോട്ടീസ് ഭിത്തിയിൽ പതിപ്പിച്ചു.

ജെയിൻ കോറൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് ഉടമകൾ താഴിട്ട് പൂട്ടി. ഹോളി ഫെയ്ത് ഫ്ലാറ്റ് ഉടമകൾ നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്ലാറ്റുടമകൾ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അവധി ആയതിനാൽ ഫ്ലാറ്റ് ഉടമകളിൽ പലരും ഇവിടെ ഇല്ലെന്നും അതിനാൽ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാം എന്നും ഉടമകൾ പറഞ്ഞു. അവധി ദിവസം നോട്ടീസ് പതിക്കുന്നത് നീതി നിഷേധമാണെന്നും ഫ്ലാറ്റുടമകൾ കൂട്ടിച്ചേര്‍ത്തു. അകത്ത് പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു.

അതേസമയം, കായലോരം ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികൾക്ക് റിപ്പോർട്ട്‌ നൽകുമെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.

അതിനിടെ,  ഫ്ളാറ്റുടമകൾ നൽകിയ പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ലെന്നാണ് അറിയുന്നത്. പുതിയ ഹര്‍ജികൾ സ്വീകരിക്കരുതെന്ന്  ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഇതെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. എന്നാൽ, വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകാൻ ഫ്ളാറ്റുടമകൾക്ക് തടസ്സമില്ല. തിരുത്തൽ ഹര്‍ജി നൽകുകയാണെങ്കിൽ ഇപ്പോൾ കേസ് പരിഗണിച്ച ജഡ്ജിമാരും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ഒന്നിച്ചിരുന്നാകും കേസ് പരിശോധിക്കുക.